Site iconSite icon Janayugom Online

രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി 5.04 കോടി രൂപയുടെ നിക്ഷേപണം അഗ്രിടെക് സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്

startupstartup

വാഴപ്പഴ കര്‍ഷകരെയും വ്യാപാരികളെയും കയറ്റുമതിക്കാരെയും ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിതരണ ശൃംഖലയുമായി അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക് പ്രീസീഡ് ഫണ്ടിംഗിലൂടെ 5.04 കോടി രൂപ സമാഹരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപ സ്ഥാപനങ്ങള്‍, എയ്ഞജല്‍ നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരില്‍ നിന്നാണ് നിക്ഷേപം സമാഹരിച്ചത്.

നിക്ഷേപത്തില്‍ 3.34 കോടി രൂപ ഓഹരിയായും ബാക്കി തുക വായ്പയായുമാണ് സമാഹരിച്ചതെന്ന് സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകരായ ഫരീഖ നൗഷാദ്, പ്രവീണ്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇന്‍ഡിഗ്രാം ലാബിലാണ് ഗ്രീനിക്ക് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്.

ഗ്രീനിക്കിലെ പ്രധാന നിക്ഷേപം 9 യൂണികോണ്‍ വെഞ്ച്വേഴ്സിന്‍റേതാണ്. കേരളത്തില്‍ നിന്നുള്ള എയ്ഞജല്‍ ഗ്രൂപ്പായ സ്മാര്‍ട്ട്സ്പാര്‍ക്ക് വെഞ്ച്വേഴ്സ്, മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍മൈന്‍ഡ് ക്യാപിറ്റല്‍ വെഞ്ച്വേഴ്സിന്‍റെ മേധാവി മനീഷ് മോദി, അഗ്രി സ്റ്റാര്‍ട്ടപ്പുകളിലെ സ്ഥിരം നിക്ഷേപകരായ സൗരഭ് അഗര്‍വാള്‍, മായങ്ക് തിവാരി (റേഷമണ്ഡി സ്ഥാപകര്‍), സൂം ഇന്‍ഫോയുടെ ബോര്‍ഡംഗം അര്‍ജ്ജുന്‍ പിള്ള എന്നിവരാണ് മറ്റ് നിക്ഷേപകര്‍.

ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ ധനസഹായം നേരത്തെ ലഭിച്ചിരുന്നു. ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഞജല്‍ നിക്ഷേപ സ്ഥാപനം 1.0 വെഞ്ച്വേഴ്സ്, ഉപായ സോഷ്യല്‍ വെഞ്ച്വേഴ്സ് മുന്‍ ഇന്ത്യാ ഡയറക്ടര്‍ അമിത് ആന്‍റണി അലക്സ്, സീരിയല്‍ ഒണ്‍ട്രപ്രണര്‍ ശിവ് ശങ്കര്‍, മാക്സര്‍ വിസിയുടെ അമന്‍ തെക്രിവാള്‍ എന്നിവരും ഇതിന്‍റെ നിക്ഷേപകരാണ്.

ഐഐഎം അഹമ്മദാബാദിലെ ആക്സിലറേറ്ററായ സിഐഐഇ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ മുന്‍ ആഗോള വൈസ് പ്രസിഡന്‍റ് സുരേഷ് അരവിന്ദ്, അമേരിക്ക ആസ്ഥാനമായ സംരംഭകന്‍ ശ്രീറാം ശേഷാദ്രി എന്നിവരും നിക്ഷേപ പങ്കാളികളാണ്.

കൂടുതല്‍ സഹായകേന്ദ്രങ്ങള്‍ തുടങ്ങാനും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുമാണ് ഈ തുക കൂടുതലായും ഉപയോഗിക്കുകയെന്ന് ഫരീഖും പ്രവീണും പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ച സംരംഭമാണ് 2020 ല്‍ ആരംഭിച്ച ഗ്രീനിക്ക്.

2023 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 100 കോടിരൂപ വാര്‍ഷിക വിറ്റുവരവ് നേടുകയെന്നതാണ് ലക്ഷ്യം. രാജ്യത്തെ മുന്‍പന്തിയിലുള്ള വെഞ്ച്വര്‍ ക്യാപിറ്റലുകളില്‍ നിന്ന് 50 കോടി നിക്ഷേപ സമാഹകരണം നടത്താനുമുദ്ദേശിക്കുന്നു. ചിലര്‍ ഇതിനകം തന്നെ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവയുള്‍പ്പെടെ പ്രധാന വാഴപ്പഴ ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ ഗ്രീനിക്കിന്‍റെ സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിത്തുകള്‍, കൃഷി, കാലാവസ്ഥ, ഇന്‍ഷുറന്‍സ് പരിരക്ഷ, ധനസഹായം, വിപണി തുടങ്ങി ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ടുള്ള ഉപദേശവും പിന്തുണയും ഗ്രീനിക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള കര്‍ഷകര്‍ക്ക് നല്‍കും.

Eng­lish Sum­ma­ry: Agritech start­up Greenic rais­es Rs 5.04 crore from domes­tic and for­eign investors

You may also like this video

Exit mobile version