Site iconSite icon Janayugom Online

അഹമ്മദാബാദ് വിമാന ദുരന്തം; ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയെന്ന് പരാതി

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് മൃതദേഹങ്ങള്‍ മാറിനല്‍കിയെന്ന് പരാതി. ഇതോടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മൃതദേഹ പേടകത്തില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആശങ്ക അറിയിച്ചേക്കുമെന്ന സൂചനയുണ്ട്. മൃതദേഹങ്ങൾ കൈകാര്യം ചെയ്തത് മരിച്ചവരുടെ അന്തസിനെ മാനിച്ചു കൊണ്ടാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു. ആശങ്കകൾ പരിഹരിക്കുന്നതിന് യുകെയുമായി തുടർന്നും പ്രവർത്തിക്കുമെന്നും ഇന്ത്യ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി പ്രതികരിച്ചു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ വേര്‍തിരിക്കാനും തിരിച്ചറിയാനും ഏറെ ബുദ്ധിമുട്ടുകയും കൂടുതല്‍ സമയമെടുക്കുകയും ചെയ്തു. കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങളില്‍ അസ്ഥികളുണ്ടായിരുന്നില്ല. ചാരത്തില്‍ നിന്ന് അസ്ഥി സാമ്പിളുകള്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. ചില ശരീരങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും കത്തിപ്പോയിരുന്നുവെന്നും അധികൃതര്‍ പറയുന്നു. 

ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസിലും പിജി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 ല്‍ 241 പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ബ്രിട്ടീഷ് പൗരനും ഇന്ത്യന്‍ വംശജനുമായ രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടിത്തത്തിലാണോയെന്നും സംശയിക്കുന്നു. 

Exit mobile version