അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787–8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. ഈ വിവരങ്ങൾ ഡല്‍ഹിയിലെ ലാബിൽ പരിശോധിച്ച് വരികയാണെന്നും സർക്കാർ അറിയിച്ചു. ബ്ലാക്ക് ബോക്സിലെ വിവരങ്ങളിലൂടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ ഡൗൺലോഡ് ചെയ്തത്. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിലുള്ള കോക്ക്പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിലെയും വിവരങ്ങളാണ് നിലവിൽ ലാബിൽ വിശകലനം ചെയ്യുന്നത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയിരുന്നു. വിമാനം തകർന്നുവീണ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം ലഭിച്ചത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ഈ ബ്ലാക്ക് ബോക്സുകൾ ജൂൺ 24ന് അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലെത്തിച്ചാണ് പരിശോധന ആരംഭിച്ചത്.

