Site icon Janayugom Online

സംസ്ഥാനത്തുടനീളം പാതകളില്‍ എഐ കാമറകള്‍; ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങള്‍ പിടികൂടും

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം പാതകളില്‍ നിര്‍മിതബുദ്ധി (എഐ) കാമറകള്‍ സജ്ജമായി. സംസ്ഥാനത്തുടനീളം 700ഓളം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ നിര്‍മിതബുദ്ധി കാമറകള്‍ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങള്‍ പിടികൂടും.

ഹെല്‍മറ്റ് ധരിക്കാത്തവരുടെയും ഇരുചക്രവാഹനങ്ങളില്‍ രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നവരുടെയും അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെയും ചിത്രങ്ങള്‍ കാമറയില്‍ പതിയും. നിയമലംഘനം കാമറയില്‍ പതിഞ്ഞാല്‍ വാഹനവിവരം നേരിട്ട് സെര്‍വറിലേക്കു പോകും. അവിടെനിന്ന് പിഴയടക്കേണ്ട വിവരം വാഹന ഉടമക്ക് എസ്.എം.എസായി ലഭിക്കുമ്പോള്‍തന്നെ വിവരം പ്രത്യേക കോടതിയിലും എത്തിയിട്ടുണ്ടാവും. അതിനാല്‍, കാമറയില്‍പെട്ടാല്‍ പിഴയടക്കാതെ തലയൂരാനാവില്ല.

കാമറകള്‍ വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയുകയും വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ മുന്‍ ഗ്ലാസിലൂടെ പകര്‍ത്തിയെടുക്കുകയും ചെയ്യും. അതിനാല്‍, ഡ്രൈവറോ സഹയാത്രികനോ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ പിടിവീഴും. യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കാമറയിലൂടെ പിടികൂടാനാകും. 25 മീറ്റര്‍ പരിധിയിലുള്ള നിയമലംഘനങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ ഈ നിര്‍മിതബുദ്ധി കാമറകള്‍ക്കു കഴിയും.

്‌വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ.

ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ.

3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. (4 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും)
വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ.

സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ.

നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.

അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നില്‍ക്കുന്ന വിധം കയറ്റിയാല്‍ 20000 രൂപ.

Eng­lish sum­ma­ry; AI cam­eras are ready on roads across the state

You may also like this video;

Exit mobile version