സംസ്ഥാനത്ത് എഐ കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങി. ഇന്ന് രാവിലെ എട്ട് മുതലാണ് കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇരുചക്ര വാഹനങ്ങളിൽ രണ്ട് മുതിര്‍ന്ന യാത്രക്കാരെ കൂടാതെ 12 വയസിന് താഴെയുള്ള ഒരു കുട്ടി കൂടി യാത്ര ചെയ്താല്‍ തല്‍ക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹെൽമറ്റ് വയ്ക്കാതിരിക്കല്‍, സീറ്റ് ബെൽറ്റ് ഇടാതിരിക്കല്‍, മൊബൈൽഫോൺ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാർക്കിങ് തുടങ്ങിയവ കണ്ടെത്തിയാണ് പിഴ ഈടാക്കുക. നിയമ ലംഘനങ്ങള്‍ കാമറ വഴി കണ്ടെത്തുകയും നിയമ ലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റല്‍ വഴി നോട്ടീസ് അയക്കുകയും ചെയ്യും. ഒരു ദിവസം 25,000 വരെ നോട്ടീസുകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ഇന്നു മുതല്‍ തന്നെ നോട്ടീസ് അയച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ആർടിഒക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ടു മാസത്തിനുള്ളിൽ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും കാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഈ മാസം രണ്ടിന് 2,42,746 റോഡ് നിയമലംഘനങ്ങൾ ഇതുവഴി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാത്രികാലങ്ങളിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് കാമറയുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷ്യന്‍ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറും. സുതാര്യവും, മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതും, അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധനാ വേളയിൽ ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും. ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, കൃത്യത എന്നിവ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ച് 726 കാമറ സിസ്റ്റത്തിൽ 692 എണ്ണം പ്രവർത്തന സജ്ജമാണ്.
റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചത്, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെ 34 എണ്ണം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറും പങ്കെടുത്തു.
പ്രതിപക്ഷത്തിന്റേത് അനാവശ്യപ്രചാരണം
തിരുവനന്തപുരം: എഐ കാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്നത് അനാവശ്യ വിവാദമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ ഇതുവരെ അഴിമതി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. അഴിമതിയുടെ തരിമ്പുണ്ടെങ്കില്‍ കോടതിയുടെ വരാന്തയില്‍ പോലും പോകാത്തത് എന്താണ്. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണ് ഇവിടെ നടക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ പ്രേരിതമായി എതിര്‍ക്കുന്നത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം. ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ല. കെല്‍ട്രോണ്‍ സര്‍ക്കാരിന്റെ അക്രഡിറ്റഡ് ഏജന്‍സിയാണ്. ഇതിന് മുമ്പ് എങ്ങനെയാണോ കെല്‍ട്രോണിനെ പദ്ധതികള്‍ ഏല്‍പ്പിച്ചിട്ടുള്ളത് അതേ മാതൃകയില്‍ തന്നെയാണ് നടപ്പാക്കിയത്. എഐ കാമറ വിവാദത്തില്‍ സര്‍ക്കാര്‍ കമ്മിറ്റിയെ വച്ചു പരിശോധിച്ചിരുന്നു, യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് ഇനി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് പ്രതിപക്ഷത്തിന് ബോധ്യമുണ്ടെങ്കില്‍ സമീപിക്കേണ്ടിടത്ത് സമീപക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
English Summary: ai cameras will starting to send fine notice from tomorrow
You may also like this video