സംഘാടനത്തിലെ പോരായ്മയും വ്യാജ കണ്ടുപിടിത്ത അവകാശ വാദവും ആഗോള തലത്തില്‍ രാജ്യത്തിന് നാണക്കേട് വരുത്തിയ എഐ സമ്മിറ്റില്‍ പുതിയ വിവാദം. ഗ്രൂപ്പ് ഫോട്ടോയ്ക്ക് കൈകോര്‍ക്കാതെ പോസ് ചെയ്ത് എഐ കോര്‍പ്പറേറ്റ് കമ്പനി സിഇഒമാരുടെ കച്ചവട വൈരം. എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്ലീനറി യോഗത്തിലാണ് കോര്‍പറേറ്റുകള്‍ തമ്മിലുള്ള ഭിന്നത മറനീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കായി പോസ് ചെയ്യവെ എല്ലാവരും വേദിയില്‍ ഐക്യം പ്രഖ്യാപിച്ച് കൈകള്‍ പരസ്പരം കോര്‍ത്തു പിടിച്ചപ്പോള്‍ മോഡിയുടെ ഇടതു വശത്തുണ്ടായിരുന്ന ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍, തൊട്ടടുത്തു നിന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി എന്നിവര്‍ കൈകോര്‍ക്കാന്‍ വിസമ്മതിച്ച് മുഷ്ടി ഉയര്‍ത്തി പിടിച്ചു. ഇരുവരും തൊട്ടടുത്തു നിന്ന വിരോധികളല്ലാത്തവരുടെ കൈകള്‍ കോര്‍ക്കാനും മറന്നില്ല. ഇതോടെ ഇന്ത്യയില്‍ ആദ്യമായി നടന്ന എഐ ഉച്ചകോടിക്ക് കച്ചവട വൈരത്തിന്റെ പുതിയൊരു നാണക്കേടുകൂടി സ്വന്തമായി.
എഐ സൃഷ്ടിക്കുന്ന സാധുതയും സാധ്യതകളും ഒരുവശത്ത് ഉയരുമ്പോള്‍ എഐ ഇടപെടുന്ന മേഖലകളില്‍ ഉയരുന്ന നടപ്പ് വെല്ലുവിളികളെ ഉച്ചകോടി പിന്നാമ്പുറത്താക്കി എന്നതും പ്രത്യേകതയായി. എഐ സമീപ ഭാവിയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്ക് കൃത്യമായൊരു ഉത്തരം നല്‍കാനോ നിലവിലെ സംവിധാനത്തില്‍ നിന്നും പുതിയ സംവിധാനത്തിലേക്ക് ആഗോളക്രമം ചുവടുമാറ്റം സൃഷ്ടിക്കുമ്പോള്‍ അത് സാധാരണക്കാരന് ഉയര്‍ത്തുന്ന പ്രതിസന്ധികളെ കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ ഉച്ചകോടിക്ക് ആയില്ലെന്നതും ശ്രദ്ധേയം. എഐ ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ നടന്ന പ്ലീനറി സെഷനില്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാഹചര്യത്തില്‍ വേദിയായ ഭാരത് മണ്ഡപത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. എന്നാല്‍ ഈ കുറവ് പരിഹരിക്കാന്‍ 16–20 വരെയുള്ള ഉച്ചകോടിയിലെ ഹാളുകളിലെ പ്രദര്‍ശനം ശനിയാഴ്ചവരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

