രാജ്യത്തെ മൂന്നില്‍ രണ്ട് എംടെക് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക‍്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) റിപ്പോര്‍ട്ട്. 2017–18 മുതല്‍ മൊത്തം ബിരുദാനന്തര ബിരുദ സീറ്റുകള്‍ മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇത്തരത്തില്‍ തകര്‍ച്ച നേരിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ ഏഴ് കൊല്ലത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് എംടെക്കിനുണ്ടായത്. മൊത്തം 45,000 വിദ്യാര്‍ത്ഥികളാണ് രണ്ട് വര്‍ഷം പ്രവേശനം നേടിയത്. എന്നാല്‍ ബിടെക്കിന് ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. സിലബസിലെ പോരായ‍്മ, പാഠ്യപദ്ധതിയും വ്യവസായിക ആവശ്യകതയും തമ്മിലുള്ള അന്തരം, ശമ്പളക്കുറവ് എന്നിവയാണ് എംടെക്കിനോട് മുഖംതിരിയാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. ഏഴ് വര്‍ഷം മുമ്പ് എന്‍ജിനീയറിങ് പിജി, സാങ്കേതിക കോഴ്സുകള്‍ എന്നിവയ്ക്ക് രാജ്യത്ത് 1.85 ലക്ഷം സീറ്റുകളുണ്ടായിരുന്നു. ഇതില്‍ 68,677ല്‍ മാത്രമാണ് പ്രവേശനം പൂര്‍ത്തിയാക്കിയത്. 63 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. 2023–24 അധ്യയന വര്‍ഷത്തില്‍ എംടെക് സീറ്റുകള്‍ 33 ശതമാനം കുറഞ്ഞ് 1.24 ലക്ഷമായി. എന്നിട്ടും ഒഴിവ് 64 ശതമാനമായിരുന്നു. 45,047 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്.
എംടെക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമില്ലാത്തത് വലിയ ആശങ്കയാണെന്ന് എഐസിടിഇ മെമ്പര്‍ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ബിടെക് പാസായ ശേഷം ലഭിക്കുന്ന ജോലിയുടെ ശമ്പളത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത ജോലിയാണ് എംടെക് വിജയിച്ചാലും കിട്ടുകയെന്നതിനാല്‍ സമയം കളയാന്‍ പുതുതലമുറ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

