Site iconSite icon Janayugom Online

ഗുജറാത്തിനും അസമിനും വീണ്ടും സഹായം; അനുവദിച്ചത് 707 കോടി, കേരളത്തിന് അവഗണന തന്നെ

വയനാട് ഉരുള്‍ പൊട്ടലില്‍ കേരളത്തെ അവഗണിച്ച മോഡി സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന അസമിലും ഗുജറാത്തിലും 2024ല്‍ സംഭവിച്ച പ്രകൃതിദുരന്തങ്ങള്‍ക്ക് 707.97 കോടിയുടെ അധിക സഹായം നല്‍കാന്‍ തീരുമാനിച്ചു. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് സഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ ഉന്നതതല സമിതി തീരുമാനത്തിന് അംഗീകാരം നല്‍കി. അസമിന് 313.69 കോടിയും ഗുജറാത്തിന് 394.28 കോടിയും ലഭിക്കും. ബിജെപി ഭരിക്കുന്ന ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അഗ്നിശമന സേനയുടെ വിപുലീകരണത്തിനും നവീകരണത്തിനും 903 കോടിയും അനുവദിച്ചു. ഹരിയാനയ്ക്ക് 117.19 കോടി, മധ്യപ്രദേശിന് 397.54 കോടി, രാജസ്ഥാന് 388.94 കോടി വീതം ലഭിക്കും. ജൂലൈ 31ന് അസമിന് 375.6 കോടി, ഗുജറാത്തിന് 1854 കോടി വീതം അനുവദിച്ചിരുന്നു. ഇതിന് പുറമേ സംസ്ഥാന വിഹിതമായി ഗുജറാത്തിന് 292 കോടി രൂപയും ജൂലൈയില്‍ അനുവദിച്ചു. 

സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് അനുവദിച്ച ഫണ്ടുകള്‍ക്ക് പുറമെയാണ് ഈ അധിക സഹായം. 2025–26ല്‍ 27 സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ നിധിയിലേക്ക് 13,603.20 കോടിയും ദേശീയ ദുരന്തനിവാരണ നിധിയുടെ കീഴില്‍ 12 സംസ്ഥാനങ്ങള്‍ക്ക് 2,024.04 കോടിയും അനുവദിച്ചിരുന്നു. കൂടാതെ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്ന് 21 സംസ്ഥാനങ്ങള്‍ക്ക് 4,571.30 കോടിയും ദേശീയ ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്ന് ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് 372.09 കോടിയും അനുവദിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍മ്മാണത്തിന് 2221.03 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. അനുവദിച്ചതാകട്ടെ കേവലം 206.56 കോടിയും. ഈ തുക അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യുമന്ത്രി കെ രാജനും അടക്കം ചൂണ്ടിക്കാണിച്ചിരുന്നു. ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളാനും കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തോട് ഇത്തരത്തില്‍ വലിയ അവഗണന കാണിക്കുന്ന മോഡി സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് യഥേഷ്ടം ഫണ്ട് അനുവദിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

Exit mobile version