Site iconSite icon Janayugom Online

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു; അർബുദ പ്രതിരോധനത്തിന് പൊതുജനങ്ങളുടെ പൂർണപിന്തുണ ആവശ്യം: മുഖ്യമന്ത്രി

അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ (സിസിആർസി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്കായി. എങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വെല്ലുവിളിയായി തുടരുന്നു. ഇതിൽ ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലാണ് അർബുദത്തെ പൊതുവേ കാണുന്നത്. എല്ലാ അർബുദ രോഗങ്ങളും ജീവിതശൈലി മൂലം ഉണ്ടാകുന്നതാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും, ഭൂരിഭാഗം ആ ഗണത്തിൽ പെടുന്നവയാണ്. ജീവിതശൈലിയിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നാം ഓരോരുത്തരും തയ്യാറാകണം. രോഗമുണ്ടായതിന് ശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗ പ്രതിരോധത്തിനും മുൻകൂട്ടിയുള്ള രോഗ നിർണയത്തിനും സർക്കാർ കൂടുതൽ ഊന്നൽ നൽകുകയാണ്. അർബുദ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധവും ഏകോപനവും ഉറപ്പാക്കണം. അതിനായി സർക്കാർ തലത്തിൽ കാൻസർ കൺട്രോൾ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. വ്യവസായ മന്ത്രി പി രാജീവ് ആമുഖപ്രഭാഷണം നടത്തി. സിസിആർസി സ്പെഷ്യൽ ഓഫിസറും സിയാൽ എംഡിയുമായ എസ് സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ലോക ബാങ്ക് സൗത്ത് ഈസ്റ്റ് ഏഷ്യ ലീഡ് ആതിഫ് സയിദ്, സിസിആർസി ഡയറക്ടർ ഡോ. പി ജി ബാലഗോപാലിന് ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കറ്റ് കൈമാറി. 

Exit mobile version