Site iconSite icon Janayugom Online

ആകാശത്ത് ആശങ്കയായി എയർ ഇന്ത്യ; ഇന്ന് റദ്ദാക്കിയത് 5 ഡ്രീംലൈനർ വിമാനങ്ങൾ

എയർ ഇന്ത്യ ഇന്ന് റദ്ദാക്കിയത് 5 ഡ്രീംലൈനർ വിമാനങ്ങൾ. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്. AI 915 (ഡൽഹി-ദുബായ്), AI 153 (ഡൽഹി-വിയന്ന), AI 143 (ഡൽഹി-പാരീസ്), AI 170 (ലണ്ടൻ-അമൃത്സർ), കൂടാതെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള AI 159 നമ്പർ വിമാനവും ഇന്ന് റദ്ദാക്കി. അപകടത്തിൽപ്പെട്ട AI 171ന് പകരമാണ് AI159 സര്‍വീസ് നടത്തുന്നത്. റദ്ദാക്കിയ വിമാനങ്ങളെല്ലാം തന്നെ ബോയിങ് നിര്‍മിത 787–8 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.

അതേസമയം, ഇന്ന് രാവിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 777–200 എൽആർ ശ്രേണിയിൽപ്പെട്ട AI 180 വിമാനത്തിനും സാങ്കേതിക തകരാറുണ്ടായി. പുലർച്ചെ 12:45‑ന് കൊൽക്കത്തയിൽ ഇറങ്ങിയതിന് ശേഷം മുംബൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് പുലർച്ചെ 5:20-ഓടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റുകയും ചെയ്തു. കൂടാതെ തിങ്കളാഴ്ച രാവിലെ ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787–8 ഡ്രീംലൈനർ വിമാനം AI 315 സാങ്കേതിക തകരാർ മൂലം അടിയന്തരമായി ഹോങ്കോങ്ങിൽത്തന്നെ തിരിച്ചിറക്കിയിരുന്നു. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ഈ നടപടി. എന്നാൽ, ഈ സർവീസുകൾ റദ്ദാക്കേണ്ടി വന്നത് സാങ്കേതിക തകരാറുകൾ കാരണമല്ലെന്നും, അധിക പരിശോധനകളും വിമാനത്തിൻ്റെ ലഭ്യതക്കുറവും എയർ സ്പേസിലെ തിരക്കും കാരണമാണെന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Exit mobile version