Site iconSite icon Janayugom Online

എയർ ഇന്ത്യ‑എയർ കാനഡ കോഡ്ഷെയർ കരാർ പുനഃസ്ഥാപിച്ചു; ഇന്ത്യ‑കാനഡ യാത്രികർക്ക് ഇനി കൂടുതൽ വിമാന സർവീസുകൾ

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലുള്ള യാത്രാ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കുന്നതിനുമായി സ്റ്റാർ അലയൻസ് അംഗമായ എയർ കാനഡയുമായുള്ള കോഡ്ഷെയർ കരാർ എയർ ഇന്ത്യ പുനഃസ്ഥാപിച്ചു. 2025 ഡിസംബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാർ വഴി, എയർ ഇന്ത്യയ്ക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാൻകൂവർ, ലണ്ടൻ‑ഹീത്രൂ കവാടങ്ങൾക്കപ്പുറം കാനഡയിലെ ആറ് കേന്ദ്രങ്ങളിലേക്ക് എയർ കാനഡ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിൽ എളുപ്പത്തിൽ പ്രവേശനം നൽകാൻ സാധിക്കും. വാൻകൂവറിൽ നിന്ന് കാൽഗറി, എഡ്മണ്ടൺ, വിന്നിപെഗ്, മോൺട്രിയൽ, ഹാലിഫാക്സ് എന്നിവിടങ്ങളിലേക്കും ലണ്ടൻ ഹീത്രൂവിൽ നിന്ന് വാൻകൂവർ, കാൽഗറി എന്നിവിടങ്ങളിലേക്കുമുള്ള എയർ കാനഡയുടെ വിമാനങ്ങളിൽ എയർ ഇന്ത്യയ്ക്ക് തങ്ങളുടെ ‘എ ഐ’ ഡിസൈഗ്നേറ്റർ കോഡ് നൽകാം. തിരിച്ചും, എയർ കാനഡ ഉപയോക്താക്കൾക്ക് ഡൽഹി വഴി അമൃത്സർ, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കും ലണ്ടൻ‑ഹീത്രൂ വഴി ഡൽഹിയിലേക്കും മുംബൈയിലേക്കും ഇന്ത്യയിൽ തടസ്സമില്ലാത്ത ആഭ്യന്തര കണക്റ്റിവിറ്റി ലഭിക്കും. 

“ഓരോ വർഷവും ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നത്. എയർ കാനഡയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പുനഃസ്ഥാപിക്കുന്നത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാർക്ക് സഹായകമാകും,” എന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. ഈ കരാർ പ്രകാരം, എയർ ഇന്ത്യ, എയർ കാനഡ വിമാനങ്ങൾ സംയോജിപ്പിച്ചുള്ള യാത്രാ വിവരങ്ങളുള്ള ഉപഭോക്താക്കൾക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനും ഏകീകൃത ബാഗേജ് അലവൻസ് നേടാനും സാധിക്കും. ഫ്രീക്വൻ്റ് ഫ്ലയർ പ്രോഗ്രാം അംഗങ്ങൾക്ക് രണ്ട് എയർലൈനുകളിലും പോയിൻ്റുകൾ നേടാനും റിഡീം ചെയ്യാനും സാധിക്കും. എയർ ഇന്ത്യയുടെ മഹാരാജ ക്ലബ് ലോയൽറ്റി പ്രോഗ്രാമിലെ എലൈറ്റ് സ്റ്റാറ്റസ് ഉടമകൾക്ക് എയർ കാനഡ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിൽ പ്രയോറിറ്റി സർവീസുകൾ, അധിക ബാഗേജ് അലവൻസ്, കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് പ്രവേശനം എന്നിവയുൾപ്പെടെ സ്റ്റാർ അലയൻസ് ഗോൾഡ് ആനുകൂല്യങ്ങളും ലഭിക്കും.

Exit mobile version