കരിപ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടേണ്ട സമയത്തിനും നാലര മണിക്കൂർ മുൻപ് പറന്നുയർന്നതിനാൽ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. രാത്രി 8.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് 9935 വിമാനമാണ് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. വിമാനം നേരത്തെ പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനക്കമ്പനിയുടെ കൗണ്ടറിനു മുന്നിൽ പ്രതിഷേധിച്ചു.
വിമാനത്തിന്റെ സമയം മാറ്റിയ വിവരം ഇ‑മെയിൽ വഴി യാത്രക്കാരെ അറിയിച്ചിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി. എന്നാൽ, വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് അറിയിപ്പ് ലഭിച്ചത്. മറ്റ് ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ വിവരം ലഭിക്കാതെ പോയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

