Site iconSite icon Janayugom Online

എയര്‍ ഇന്ത്യ പണിമുടക്ക്; ഗള്‍ഫ് യാത്ര പ്രതിസന്ധിയില്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിലെ കാബിന്‍ ക്രൂ വിഭാഗം ഈ മാസം 15 മുതല്‍ പണിമുടക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കും. ഗള്‍ഫ് സെക്ടറിലേക്ക് ഏറ്റവുമധികം സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസാണ്. കാബിന്‍ ക്രൂ ജീവനക്കാരില്‍ മഹാഭൂരിപക്ഷവും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിനുനേരെ കേന്ദ്ര വ്യോമയാനവകുപ്പ് മുഖംതിരിഞ്ഞു നില്പാണ്. 

നിലവിലെ കാബിന്‍ ക്രൂവിന്റെ തൊഴില്‍ കരാര്‍ അഞ്ചു വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി വെട്ടിക്കുറച്ചതാണ് സമര കാരണം. പരിചയ സമ്പന്നരുടെ കരാര്‍ ഒരു വര്‍ഷമായി വെട്ടിക്കുറച്ചപ്പോള്‍ പുതുതായി നിയമിക്കുന്നവരുടെ കാലാവധി അഞ്ചു വര്‍ഷമാക്കിയതും പ്രകോപനമായി. ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ കുറ്റപ്പെടുത്തി. ഒന്‍പതു തവണ എയര്‍ ഇന്ത്യ മാനേജ്മെന്റുമായി ചര്‍ച്ചയ്ക്ക് യൂണിയന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. 

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം വൈകുന്നതിനാല്‍ പ്രവാസികളുടെ യാത്ര മുടങ്ങുന്നതിനിടെ പണിമുടക്ക് മൂലവും യാത്ര അസാധ്യമാവുന്നത് ഇരട്ട പ്രതിസന്ധിയാകും. അവധി കഴിഞ്ഞ് ഗള്‍ഫിലേക്കും മറ്റും മടങ്ങാനാവാതെ വന്നാല്‍ നൂറുകണക്കിനു പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയുമേറുന്നു. എയര്‍ ബബ്ള്‍ കരാര്‍ മുഖേന വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് തിരികെ നല്കണമെന്ന സുപ്രീം കോടതി വിധി പോലും കൃത്യമായി നടപ്പാക്കുന്നില്ല. 

പണിമുടക്കുമൂലം കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യം വരുന്നു. ഇത് മറ്റു ഗള്‍ഫ് വിമാന സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്കു നല്കി യാത്രചെയ്യാനുമാവില്ല. ടിക്കറ്റു വില തിരികെ നല്കാതിരിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് കാട്ടുന്ന ശാഠ്യം തന്നെ കാരണം. കാബിന്‍ ക്രൂവിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പൈലറ്റുമാരടക്കമുള്ള വിമാനജീവനക്കാരും പണിമുടക്കിയാല്‍ സ്ഥിതിഗതികളാകെ വഷളാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ENGLISH SUMMARY:Air India on strike; Gulf trav­el in crisis
You may also like this video

Exit mobile version