Site iconSite icon Janayugom Online

യാത്രാനുമതി നിഷേധിച്ചു; എയർ ഇന്ത്യ ഏഴുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

യോഗ്യമായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിക്കപ്പെട്ട യാത്രക്കാരന് എയർ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നൽകിയ പരാതിയിലാണ് അഡ്വ വി എസ്. മനുലാൽ പ്രസിഡന്റും, ആർ ബിന്ദു, കെ എം ആന്റോ എന്നിവർ അംഗങ്ങളുമായുളള കോട്ടയം ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ ഉത്തരവ്.

2018 ഓഗസ്റ്റ് 28 ന് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിൽ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്നു യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്റണി ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബിർമിങ്ഹാമിലേക്കുള്ള ടിക്കറ്റ് വാങ്ങി. എന്നാൽ ബ്രിട്ടനിലെ സ്ഥിര താമസ പെർമിറ്റുള്ള ആന്റണി രണ്ടു വർഷത്തിൽ കൂടുതൽ കാലം ബ്രിട്ടന് പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ യാത്ര വിലക്കി.

പിന്നീടു കൊച്ചിയിലേക്ക് മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം കൊച്ചിയിൽനിന്നു ഖത്തർ എയർവേയ്സിൽ യാത്ര ചെയ്ത് ഖത്തർ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാർഗം ബർമിങ്ഹാമിലും എത്തിയെന്നും അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞെന്നുമായിരുന്നു പരാതി. എയർ ഇന്ത്യ നിരസിച്ച യാത്രാ പെർമിറ്റ് ഉപയോഗിച്ചാണ് ആന്റണി കൊച്ചിയിൽനിന്നു ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് എന്ന് പരാതി പരിശോധിച്ച കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിലയിരുത്തി. മതിയായ യാത്രാരേഖകളും സാധുവായ ടിക്കറ്റും ഉണ്ടായിരുന്ന ആന്റണിക്ക് അന്യായമായ കാരണങ്ങൾ നിരത്തി യാത്രാനുമതി നിഷേധിച്ചത് എയർ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ സേവന ന്യൂനതയാണെന്ന് കമ്മിഷൻ കണ്ടെത്തി.

Eng­lish Sum­ma­ry: air india refused per­mis­sion to trav­el, 7 lakh compensation
You may also like this video

Exit mobile version