Site iconSite icon Janayugom Online

കരിപ്പൂരിലെ ബേസ് സ്റ്റേഷന്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടും: നടപടി ആരംഭിച്ചു

airportairport

എയര്‍ ഇന്ത്യയുടെ കരിപ്പൂർ ബേസ് സ്റ്റേഷൻ അടച്ചുപൂട്ടുന്നു. ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെ എയർ ഇന്ത്യ സർവീസുകൾ പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. ഇതേ തുടർന്ന് കാബിൻ ക്രൂ, എയർ ഹോസ്റ്റസ് തുടങ്ങിയവരുടെ ബേസ്‌സ്റ്റേഷൻ കരിപ്പൂരിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മാറ്റി. ഇതോടെ ജീവനക്കാർക്ക് കോഴിക്കോട്ട് ലഭിച്ച അടിസ്ഥാനസൗകര്യങ്ങൾ നഷ്ടമാവുകയും ചെയ്യും. കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ സർവീസുകൾ ഉള്ളത് ഷാർജ‑കോഴിക്കോട്-ഷാർജ, ദുബായ്-കോഴിക്കോട്-ദുബായ് മേഖലയിലാണ്. 321 സർവീസുകളാണ് വർഷത്തിലുളളത്. 

എയർ ഇന്ത്യ എക്സ്പ്രസ്റ്റിന് ഈ സർവീസുകൾ കൈമാറുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതോടു കൂടി ഈ മേഖലകളിലേക്കുളള ബിസിനസ്സ് ക്ലാസ്സോടെയുള്ള വിമാന സർവീസ് കരിപ്പൂർ വിമാനത്താവളത്തിന് നഷ്ടമാവും. ചരക്ക് കയറ്റുമതിയേയും എയർ ഇന്ത്യയുടെ ഈ നീക്കം ബാധിക്കുമെന്നും സൂചനയുണ്ട്. കരിപ്പൂരിൽനിന്നുള്ള കയറ്റുമതിയുടെ പ്രധാന പങ്കു വഹിക്കുന്നത് യുഎഇയിലേക്കാണ്. ഈ നീക്കത്തിൽ 321 വിമാനസർവീസുകള്‍ കരിപ്പൂരിന് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Air India to close base sta­tion at Karipur: Action initiated

You may also like this video

Exit mobile version