Site iconSite icon Janayugom Online

എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗവും വില്പനയ്ക്ക്

Air IndiaAir India

എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗവും വില്പനയ്ക്ക്. എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (എഐഎഎസ്എൽ) വില്പന ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിഷയം ചർച്ച ചെയ്യാൻ മന്ത്രിതല സംഘത്തിന്റെ യോഗം മെയ് രണ്ടിന് ചേരും.

ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളിലുമായി, സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യത്തിൽ ഏറ്റവും വലിയ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്ഥാപനങ്ങളിലൊന്നാണ് എഐഎഎസ്എല്‍. പ്രാഥമിക വിവര പത്രിക (പിഐഎം) ഉടൻ പുറപ്പെടുവിക്കുമെന്നും ലേലത്തില്‍ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചതായി ബിസിനസ് ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാർച്ചോടെ വില്പന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എയർ ഇന്ത്യയുടെ പ്രതീകമായ മുംബൈയിലെ കെട്ടിടം ഉൾപ്പെടെയുള്ള, മറ്റ് പഴയ അനുബന്ധ കമ്പനികളുടെ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ വില്പന 2023ൽ ആരംഭിക്കാനാണ് സർക്കാർ പദ്ധതി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ തന്നെ അനുബന്ധ കമ്പനികളുടെ വില്പന നടത്തും. ഇ ആന്‍ഡ് വൈ കമ്പനിയാണ് ഇടപാടുകളുടെ ഉപദേശകന്‍.

2021 ജനുവരിയിൽ, എയർ ഇന്ത്യ കൈമാറ്റം ചെയ്യുന്നതിനൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമായ എയർ ഇന്ത്യ സിംഗപ്പുർ എയർപോർട്ട് ടെർമിനൽ സർവീസസിന്റെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കേന്ദ്രം കൈമാറിയിരുന്നു.
അതിനിടെ എയര്‍ ഇന്ത്യ, എയര്‍ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗ ഓഹരിയായ 83.67 ശതമാനം കൈവശം വച്ചിരിക്കുന്നത് ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. ബാക്കിയുള്ള ഓഹരി മലേഷ്യയിലെ എയര്‍ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിലുമാണ് (എഎഐഎല്‍). എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള വിശാലമായ ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ നീക്കം.നിര്‍ദ്ദിഷ്ട കരാറിനായി കോമ്പറ്റീഷന്‍ കമ്മിഷനില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: Air Indi­a’s ground han­dling unit for sale

You may like this video also

Exit mobile version