Site iconSite icon Janayugom Online

വായുമലിനീകരണ നിയന്ത്രണഫണ്ട് കേന്ദ്രസര്‍ക്കാര്‍ പാഴാക്കി

രാജ്യം കടുത്ത വായുമലിനീകരണത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും ഇതിനായി നീക്കിവച്ച തുക ചെലവഴിക്കാതെ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പത്ത് പ്രധാന നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ അനന്തരഫലമായി 33,000 പേര്‍ മരിച്ചതായി അടുത്തിടെ ലാന്‍സെറ്റ് പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് വായുമലിനീകരണം നിയന്ത്രിക്കാനായി നീക്കിവച്ച തുക മോഡി സര്‍ക്കാര്‍ പാഴാക്കിയെന്ന രേഖയും പുറത്ത് വന്നിരിക്കുന്നത്. 

2019ല്‍ ആരംഭിച്ച നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിനായി (എന്‍സിഎപി) നീക്കിവച്ച 11,210 കോടിയില്‍ കേവലം 8.11 കോടി മാത്രമാണ് മോഡി സര്‍ക്കാര്‍ ചെലവഴിച്ചത്. ഡല്‍ഹിക്കായി 42 കോടി അനുവദിച്ചതില്‍ 12.6 കോടിയാണ് നാളിതുവരെയായി വിനിയോഗിച്ചത്. നോയിഡ 30.89 കോടിയില്‍ 1.43 കോടിയും, ഫരിദാബാദ് 73.53ല്‍ 28.6 കോടി രൂപയുമാണ് ചെലവഴിച്ചത്. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ഇടപെടേണ്ട സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരുടെ ക്ഷാമവും പ്രശ്നം രൂക്ഷമാക്കുന്നു. ഇരു സ്ഥാപനങ്ങളിലുമായി അനുവദിക്കപ്പെട്ട 11,562ല്‍ 5,671 തസ്തികകള്‍ ഇപ്പോഴും നികത്തിയിട്ടില്ല.

വായുമലിനീകരണം രൂക്ഷമായ ചൈന, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണ നിയന്ത്രണത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കുമ്പോഴാണ് മോഡി സര്‍ക്കാര്‍ അനുവദിച്ച വിഹിതം പോലും ചെലവഴിക്കാതെ നോക്കിനില്‍ക്കുന്നത്. 2017ല്‍ ചൈന മലിനീകരണം കുറയ്ക്കാന്‍ 260 കോടി ഡോളറാണ് ബജറ്റില്‍ നീക്കിവച്ചത്. കല്‍ക്കരി ഉപഭോഗം വെട്ടിച്ചുരുക്കല്‍, ഇലക്ട്രിക് ബസ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയത്.

കോപ്പന്‍ഹേഗന്‍ ഉടമ്പടി പ്രകാരമുള്ള മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയും ഇന്ത്യയില്‍ ലക്ഷ്യം കൈവരിച്ചില്ല.
അടുത്തിടെ മോഡി സര്‍ക്കാര്‍ ടണ്‍ കണക്കിന് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത് കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. ഡല്‍ഹിയില്‍ അടക്കം വായുമലിനീകരണം ജനജീവിതം താറുമാറാക്കുകയും ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്യുന്ന അവസരത്തിലാണ് സര്‍ക്കാരിന്റെ അനാസ്ഥ. 

Exit mobile version