തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കെ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഹോട്സ്പോട്ട് ആയി തിരിച്ച 13 ഇടങ്ങളിലും അധികൃതര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി അതിഷി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുകൂട്ടിയിരുന്നു. മലിനീകരണം തടയാൻ ജനങ്ങള്‍ സഹകരിക്കണമെന്നും എല്ലാ ആവശ്യ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. അതിനിടെ ഹോട്സ്പോട്ടുകളില്‍ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റില്‍ നാളെ അടിയന്തര യോഗം ചേരും. ഇക്കൊല്ലം അങ്ങേയറ്റം മോശം കാലാവസ്ഥയിലൂടെയാണ് ഡല്‍ഹി കടന്നു പോകുന്നത്. മലിനീകരണം തടയാൻ ഗ്രെയ്ഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാനി(ഗ്രാപ്പ്)ന്റെ സ്റ്റേജ് ഒന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 207 ആയി നിലനില്‍ക്കെയാണ് നടപടി. റോഡ് വൃത്തിയാക്കല്‍, ശരിയായ മാലിന്യ സംസ്കരണം, നിർമ്മാണ സ്ഥലങ്ങളിലെ പൊടി ലഘൂകരണം തുടങ്ങിയവയാണ് സ്റ്റേജ് ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.