വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ ഇതുമൂലമുള്ള മരണങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതായി സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വായുമലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വായുമലിനീകരണത്തിന് കാരണമാകുന്ന വളരെ ചെറിയ വസ്തുവായ പിഎം 2.5നെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 2.5 മൈക്രോമീറ്ററില്‍ താഴെമാത്രമാണ് പിഎം 2.5ന്റെ വ്യാസം. ഇവ ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിലും രക്തത്തിലും വളരെ വേഗത്തില്‍ എത്തിച്ചേരുന്നുവെന്നും ദീര്‍ഘകാലത്തിന് ശേഷം ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. 2009നും 2019നും ഇടയില്‍ ഇന്ത്യയിലെ 655 ജില്ലകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് പിഎം 2.5 ന്റെ അളവും മരണനിരക്കിലെ വര്‍ധനയും കണ്ടെത്തിയത്.
ഓരോ ക്യുബിക് മീറ്ററിന് പത്ത് മൈക്രോഗ്രാം കൂടുമ്പോഴും മരണങ്ങളില്‍ 8.6 ശതമാനം വര്‍ധനവുണ്ടായെന്നാണ് പഠനം പറയുന്നത്. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ വായുനിലവാരം മാര്‍ഗനിര്‍ദേശങ്ങളുടെ പരിധികടന്ന് ക്യുബിക് മീറ്ററില്‍ 40 മൈക്രോഗ്രാമെത്തിയത് ഏകദേശം 38 ലക്ഷം മരണങ്ങള്‍ക്ക് കാരണമായെന്നും ഗവേഷകര്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങളില്‍ പോലും ഇത് ക്യുബിക് മീറ്ററില്‍ അഞ്ച് മൈക്രോഗ്രാമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള ഓരോരുത്തരും ഈ പരിധിക്ക് പുറത്താണ് ജീവിക്കുന്നതെന്ന കണ്ടെത്തലും ഞെട്ടലുളവാക്കുന്നതാണ്. ചില സ്ഥലങ്ങളില്‍ പിഎം2.5 മാറ്റര്‍ ക്യുബിക് മീറ്ററില്‍ 119 മൈക്രോഗ്രാമാണ്. ഇത് ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാള്‍ 24 ഇരട്ടിയാണ്.
നിലവില്‍ രാജ്യത്തുള്ള വായുഗുണനിലവാര മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യപരിപാലനത്തിന് യോജിക്കുന്നതല്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ലിയുങ്മാന്‍ പറഞ്ഞു. കര്‍ശന നിയമവ്യവസ്ഥകളും ബഹിര്‍ഗമനം കുറയ്ക്കാനുള്ള ശക്തമായ നടപടികളും അടിയന്തരമായി ഇന്ത്യയില്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ ആണ് രാജ്യത്തെ വായുഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ദേശീയ വായു മലിനീകരണ നിയന്ത്രണ പദ്ധതി സ്ഥാപിച്ചത്. എന്നാല്‍ അതിനുശേഷവും രാജ്യത്തെ പിഎം2.5 ന്റെ അളവ് വര്‍ധിക്കുകയാണുണ്ടായത്. രാജ്യത്തെ 14 ലക്ഷം പേര്‍ അതിരൂക്ഷമായ മലിനവായുവാണ് ശ്വസിക്കുന്നതെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പഠനത്തില്‍ പറയുന്നു.