Site icon Janayugom Online

യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികളും റയിൽവേയും

ഓണം കഴിഞ്ഞിട്ടും യാത്രക്കാരെ പിഴിയുന്നത് നിർത്താതെ വിമാനക്കമ്പനികളും റയിൽവേയും. ഇന്നലെ യാത്ര ചെയ്തവരിൽ നിന്നുവരെ സാധാരണയിൽ കവിഞ്ഞ നിരക്ക് വസൂലാക്കിയിട്ടുണ്ട്. ഓണത്തിനു തൊട്ടുമുമ്പ് കൊച്ചി-ഡൽഹി യാത്രയ്ക്ക് ഇൻഡിഗോ, വിസ്താര വിമാനക്കമ്പനികൾ ചുമത്തിയിരുന്ന ടിക്കറ്റ് നിരക്ക് 8500 രൂപയ്ക്കടുത്തായിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെ ചാർജ് 9105 രൂപയാണ്. 8500 രൂപയ്ക്ക് കൊച്ചിയിലേക്കു യാത്ര ചെയ്തയാൾ കഴിഞ്ഞ ദിവസം തിരിച്ചുപോകാൻ ശ്രമിച്ചപ്പോഴാണ് ടിക്കറ്റ് നിരക്കിലെ വ്യത്യാസം മനസ്സിലാക്കിയത്. ഈ വ്യക്തി ഇതേ രീതിയിൽ മാർച്ചിൽ യാത്ര ചെയ്തപ്പോൾ 8000‑നു താഴെയായിരുന്നു യാത്രാക്കൂലി. 

പല പേരുകളിലും അല്ലാതെയും തോന്നും പോലെയാണ് ടിക്കറ്റ് നിരക്കിലെ വർധന. വിശേഷാവസരങ്ങളിൽ ഗൾഫ് നാടുകളിൽ നിന്നെത്തുന്ന മലയാളികളുടെ കാര്യമാണ് ഏറെ കഷ്ടം. നിരക്കു കൂട്ടാൻ വിമാനക്കമ്പനികളുടെ മത്സരമാണ്. ഫെസ്റ്റിവൽ സ്പെഷ്യൽ എന്ന പേരിൽ ഓടിക്കുന്ന തീവണ്ടികളിലാണ് ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ശരിക്കും കൊള്ള. എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് വഴി തിരുവനന്തപുരത്തേക്കുള്ള ശബരി, ഐലന്റ് എക്സ്പ്രസുകളിൽ ഓണത്തിനു മുമ്പു മുതൽ തേർഡ് എ സിക്ക് 1050 രൂപയും സ്ലീപ്പറിനു 385 രൂപയുമാണ് ഈടാക്കിയിരുന്നത്. 

തിരുവനന്തപുരം യാത്രയ്ക്ക് നേത്രാവതി എക്സ്പ്രസിൽ രണ്ടാം ക്ലാസ്സ് എസി- ക്ക് 710 രൂപയാണെന്നിരിക്കെയാണ്, ഫെസ്റ്റിവൽ സ്പെഷ്യലെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന മറ്റൊരു തീവണ്ടിയിലെ മൂന്നാം ക്ലാസ്സ് എ സി ‑യുടെ നിരക്കിലെ പിടിച്ചുപറി. ബദൽ ട്രെയിനുകൾ കാര്യമായി ഇല്ലാത്ത റൂട്ടുകൾ നോക്കിയാണ് ഫെസ്റ്റിവൽ സ്പെഷ്യലുകൾ ഓടിച്ച് റയിൽവേ തട്ടിപ്പ് നടത്തുന്നത്. 

എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് സാധാരണ എക്പ്രസ് തീവണ്ടിയിൽ സ്ലീപ്പർ ക്ലാസ്സിന് 165 രൂപയും മൂന്നാം ക്ലാസ്സ് എസി- ക്ക് 505 രൂപയുമാണ് നിരക്ക്. അതേസമയം ഫെസ്റ്റിവൽ സ്പെഷ്യലുകളെന്നു പേരു മാറ്റിയ ബിലാസ്പൂർ — തിരുനൽവേലി, ഇൻഡോർ — കൊച്ചുവേളി, ഗോരഖ്പൂർ — കൊച്ചുവേളി എന്നിവയിൽ ഈ നിരക്ക് യഥാക്രമം 415 രൂപ 1100 രൂപ എന്നിങ്ങനെയാണ്. 

അമിത നിരക്ക് ഈടാക്കി ഫെസ്റ്റിവൽ സ്പെഷ്യലുകളാക്കി ഓടിക്കുന്ന തീവണ്ടികൾ പഴയതുപോലെ സാധാരണ എക്പ്രസുകളാക്കാനുള്ള യാത്രക്കാരുടെ ആവശ്യം റയിൽവേ പരിഗണിച്ചിട്ടില്ല. വിമാനങ്ങളിൽ നടക്കുന്ന പിടിച്ചുപറിക്ക് ഇന്ധന വിലയാണ് കാരണമായി പറയുന്നത്. എന്നാൽ ട്രെയിൻ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിന്റെ സാധൂകരണം വ്യക്തമല്ല. 

ENGLISH SUMMARY:Airlines and rail­ways Exploit­ing passengers
You may also like this video

Exit mobile version