Site iconSite icon Janayugom Online

ബോംബ് വര്‍ഷം; സിറിയയിലും വ്യോമാക്രമണം , പലസ്തീനില്‍ മരണം 1,354

ഗാസാമുനമ്പില്‍ ആറാംദിവസവും ഇസ്രയേലിന്റെ ബോംബ് വര്‍ഷം. വ്യാഴാഴ്ച വരെ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ 150 ലേറെപ്പേര്‍ കൊല്ലപ്പെട്ടു. ലോകരാജ്യങ്ങളുടെ സമാധാന ആഹ്വാനങ്ങളോട് മുഖംതിരിച്ച ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്കുമേല്‍ ഉപരോധവും കടുപ്പിച്ചു. പലസ്തീനില്‍ മരണസംഖ്യ 1,354 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,049 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 450 കുട്ടികളും 250 സ്ത്രീകളും ഉള്‍പ്പെടുന്നതായി ആരോഗ്യ സഹമന്ത്രി യൂസഫ് അബു അല്‍ റീഷ് അറിയിച്ചു.

ഗാസയിലുടനീളം ഇന്നലെ ബോംബുകളും മിസൈലുകളും പതിച്ചു. ഹമാസിലെ എല്ലാ ഭീകരരെയും കൊന്നൊടുക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.  ഇസ്രയേലിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയയ്ക്കാതെ ഗാസയിലേക്ക് മാനുഷിക സഹായമോ ഇന്ധനമോ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി മുന്നറിയിപ്പ് നല്‍കി. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടി. അതേസമയം പലസ്തീന് പിന്നാലെ സിറിയയിലും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായി. ദമാസ്കസ്, അലെപ്പോ വിമാനത്താവളങ്ങളില്‍ ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തി. അലെപ്പോ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ നേരിട്ടുവെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ സിറിയയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ദമാസ്കസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സിറിയന്‍ സര്‍ക്കാര്‍ ടെലിവിഷനാണ് ആക്രമണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹമാസിന്റെ ആക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ള കഴിഞ്ഞദിവസം ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തിനിടെ സിറിയയെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണം മേഖലയിലെ യുദ്ധ സാഹചര്യം മാറ്റിമറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമപ്രതിരോധ സംവിധാനം സജീവമാക്കിയതായി സിറിയന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദശാബ്ദത്തില്‍ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെയും സായുധ സംഘടനകളെയും ലക്ഷ്യം വച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: airstrikes have killed over 1,354 Palestinians
You may also like this video

Exit mobile version