Site iconSite icon Janayugom Online

എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് ഇന്ന്

നാല് വർഷ (എഫ്‍വൈയുജിപി) ഡിഗ്രി കോഴ്സ് ഫീസ് വർധനവിൽ പ്രതിഷേധിച്ച് സമാധാനപരമായി സംഘടിപ്പിച്ച മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എഐഎസ് എഫ് കാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരള- കാലിക്കറ്റ് സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. 

പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായ ഈ വർധനവ് കേരള സർവകലാശാലയുടെ കമ്പോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹം കണക്കാക്കേണ്ടതുണ്ട്. സാധാരണ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർത്ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണ്.
വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് മനസിലാക്കി, അത്യന്തം വിദ്യാർത്ഥിവിരുദ്ധമായ കേരള‑കാലിക്കറ്റ് സർവകലാശാലയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.

Exit mobile version