Site iconSite icon Janayugom Online

എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ എസ്എഫ്ഐ- പൊലീസ് അക്രമം

തൃശൂർ ഒല്ലൂർ വൈലോപ്പിള്ളി ഗവ: കോളജിൽ എഐഎസ്എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയിൽ എസ്എഫ്‌ഐയുടെയും സംഘര്‍ഷത്തില്‍ പരിക്ക് പറ്റി ചികിത്സതേടിയവരെ സന്ദർശിക്കാൻ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കുനേരെ പൊലീസിന്റെയും ക്രൂരമര്‍ദനം. ആശുപത്രിയിലെത്തിയ എഐഎസ്എഫ് പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാനെത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ച് ജീപ്പിലേക്ക് വലിച്ചു കയറ്റിയത് പ്രതിഷേധത്തിന് കാരണമായി. ഈസ്റ്റ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് അസഭ്യം പറഞ്ഞ് കസ്റ്റഡിയിലെടുത്തത്.

സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ്, പി ബാലചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐ ഗുണ്ടായത്തിനെതിരെയും പൊലീസ് അതിക്രമത്തിനെതിരെയും എഐഎസ്എഫ് — എഐവൈഎഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

 

പൊലീസിന്റെ നടപടി ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയാണെന്ന് അറിയിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ എന്‍ കെ സനല്‍കുമാറിനെ മര്‍ദ്ദിച്ച് ജീപ്പിലേക്ക് വലിച്ചിഴച്ചത് പൊലീസിന്റെ ഗുണ്ടായിസത്തിന്റെയും ഏകപക്ഷീയ നിലപാടുകളുടെയും തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്ഐ ആക്രമണവും പൊലീസ് നടപടിയും പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. കോളജിന്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് വേണ്ടി സമരം നടത്തിയ എഐഎസ്എഫ് പ്രവർത്തകരെ യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പുറത്ത് നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചത്.

 

 

 

അക്രമത്തിൽ പരിക്ക് പറ്റിയ പ്രവർത്തകരെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനൽകുമാർ, ഫ്രെഡി, ഫായിസ്, അഖിൽ പി എസ്സ്, നിജിലാഷ്, രഞ്ജിത് കെ വി എന്നിവരെ പൊലീസ് ഏകപക്ഷീയമായി മർദിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് പകരം എഐഎസ്എഫ് നേതാക്കളെ മർദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിലൂടെ പൊലീസ് ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ്. പൊലീസിന്റെ തെറ്റായ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധവും നിയമപോരാട്ടവും നടത്തുമെന്നും അതിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കബീറും സെക്രട്ടറി ജെ അരുൺ ബാബുവും അഭ്യർത്ഥിച്ചു.

Eng­lish Summary:AISF protests SFI-police violence
You may also like this video

Exit mobile version