നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ബാഡ്ജില്‍ മാത്രമല്ല, തോളിലെ സാരിയുടെ കരയിലും ചെങ്കൊടി ചിഹ്നം അണിഞ്ഞവരാണ് സിപിഐ സംസ്ഥാന സമ്മേളന നഗരിയില്‍ എത്തുന്നവരില്‍ ഏറെയും. ചുവപ്പ് കരയില്‍ പ്രിന്റ് ചെയ്ത അരിവാള്‍ ചുറ്റികയുള്ള മുണ്ടും, ചുവപ്പ് കരയോട് ചേര്‍ന്ന് ഭംഗിയായി ചേര്‍ത്തു വച്ചിരിക്കുന്ന ജോയിന്റ് കൗണ്‍സിലിന്റെ ലോഗോയുള്ള സെറ്റും മുണ്ടും സെറ്റ് സാരിയും ഒക്കെ എഐഎസ്എഫുകാരുടെ സൃഷ്ടിയാണ്.
ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് എത്തുന്നവരെ കാത്ത് ഒരു കൊച്ചു സ്റ്റാളുണ്ട്. എഐഎസ്എഫിലെ അംഗങ്ങള്‍ ചേര്‍ന്ന് നടത്തുന്നതാണത്. അതിന്റെ മുന്നില്‍ ഇവയൊക്കെ നിരത്തിവച്ചിട്ടുണ്ട്. എഐഎസ്എഫ് അംഗങ്ങളായ ഗൗരി, അനന്തകൃഷ്ണന്‍, സഫല്‍, മെഹര്‍ എന്നിവരുടെ തലയില്‍ ഉദിച്ച ആശയമാണ് പാര്‍ട്ടി ചിഹ്നം പ്രിന്റ് ചെയ്ത സാരിയും മുണ്ടും പിന്നെ ആവശ്യക്കാര്‍ക്കുള്ള ബോട്ടില്‍ ആര്‍ട്ടും പെയിന്റിങ്ങുകളും. സമ്മേളനനഗരിയിലൊരു വ്യത്യസ്ത ഇടപെടല്‍ എന്ന ആശയം പങ്കിട്ടപ്പോള്‍ പിന്തുണയുമായി മറ്റ് അംഗങ്ങളും എത്തിയതോടെ സമ്മേളന നഗരിയില്‍ ഒരു സ്റ്റാള്‍ തുറക്കാനായി.
കുട്ടിക്കാലം മുതലേ വെജിറ്റബിള്‍ പ്രിന്റിങ്ങില്‍ താല്പര്യമുള്ള ഗൗരി തന്റെ കഴിവ് ഒന്നുകൂടി തേച്ചുമിനുക്കിയെടുത്താണ് സാരിയിലും മുണ്ടിലും വിരിഞ്ഞ ഭംഗിയായി മാറിയത്. ഉരുളക്കിഴങ്ങും പെയിന്റുമാണ് ഗൗരിയുടെ ആയുധങ്ങള്‍. ഉരുളക്കിഴങ്ങ് മുറിച്ച് അതില്‍ ആവശ്യമുള്ള രൂപം കട്ട് ചെയ്തെടുത്ത് അച്ച് പോലെയാക്കും. അതില്‍ ആവശ്യമായ നിറം മുക്കിയാണ് പ്രിന്റിങ് നടത്തുന്നത്. പ്രിന്റ് ചെയ്തതില്‍ ഒന്നോ രണ്ടോ വട്ടം കൂടി പെയിന്റടിക്കുന്നതോടെ സംഗതി ഫിനിഷ്. ഒരു ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഏകദേശം ആറ് സാരിയില്‍ വരെ പ്രിന്റിങ് നടത്താം. സഫലാണ് പെയിന്റിങ്ങിന്റെ പിന്നിലെ വ്യക്തി. ജീവനുള്ള നിരവധി പെയിന്റിങ്ങുകളാണ് സഫലിന്റെ ബ്രഷില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നതും ഗൗരി തന്നെയാണ്. ഇവര്‍ക്ക് ആവശ്യമായ സഹായവുമായി അനന്തകൃഷ്ണനും മെഹറും ഒപ്പം തന്നെയുണ്ട്.
സമ്മേളന നഗരിയിലെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ തയാറാക്കിയും ചിഹ്നങ്ങള്‍ പ്രിന്റും ചെയ്ത് നല്കും. ബോട്ടില്‍ ആര്‍ട്ടിലും ഇഷ്ടമുള്ള രൂപം സ്റ്റെന്‍സില്‍ ഉപയോഗിച്ച് ചെയ്തു നല്കും. ഒരു ചിത്രത്തിന് അഞ്ഞൂറുരൂപ എന്ന കണക്കിലാണ് വില ഈടാക്കുന്നത്. പുറത്തുനിന്ന് കൈത്തറി തുണികള്‍ എടുത്താണ് പ്രിന്റ് ചെയ്യുന്നത്. മുണ്ടിന്റെ ഗുണനിലവാരമനുസരിച്ചാണ് ഇതിന്റെ വില നിശ്ചയിക്കുന്നത്. പോളിസ്റ്റര്‍ മിക്സ് ചെയ്ത മുണ്ടിന് 400 രൂപയാണ് വില. അല്ലാത്തവയ്ക്ക് 530, 560, 600 രൂപ എന്നിങ്ങനെ. പരമാവധി 700 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതിനകം സെറ്റും മുണ്ടുമെല്ലാം വിറ്റു തീര്‍ന്നു. 530, 560 എന്നിങ്ങനെയാണ് സെറ്റ് സാരിയുടെ വില.