ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2016 ലാണ് കൊച്ചി സ്വദേശി വി ജെ സെബാസ്റ്റ്യന്റെ മകള്‍ സോണിയ ഭര്‍ത്താവിനൊപ്പം ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യ വിടുന്നത്. വിവാഹത്തോടെ അയിഷ എന്ന് പേരു മാറ്റിയ സോണിയക്ക് സാറ എന്നൊരു മകളുമുണ്ട്. ഭര്‍ത്താവ് 2019ല്‍ അഫ്ഗാന്‍ സേനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടതോടെ അയിഷയും സാറയും അഫ്ഗാന്‍ സേനയ്ക്കു കീഴടങ്ങി. തുടര്‍ന്ന് ഇവര്‍ അഫ്ഗാനില്‍ തടങ്കലിലായിരുന്നു.
അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ ജയിലുകളെല്ലാം ഇടിച്ചു നിരത്തി. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളിലാണ് തടവുകാരെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. അതുകൊണ്ട് ഇവര്‍ തടവിലല്ല എന്ന് അനുമാനിക്കാനാകില്ലെന്നും സെബാസ്റ്റ്യനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് പുതിയ സാഹചര്യത്തില്‍ തടസങ്ങളുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച വിഷയത്തില്‍ കോടതിക്ക് തീരുമാനം എടുക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു നിരീക്ഷിച്ചു. സര്‍ക്കാര്‍ മാറിയതുകൊണ്ട് കരാറുകളില്‍ മാറ്റമുണ്ടാകില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും അഫ്ഗാനും തമ്മില്‍ സൗഹൃദാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് കാണുന്നത്. കേന്ദ്ര സര്‍ക്കാരിനെയാണ് ഇക്കാര്യങ്ങള്‍ ആദ്യം ബോധ്യപ്പെടുത്തേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
വിഷയത്തില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഐഎസില്‍ ചേര്‍ന്നതിന്റെ പേരില്‍ സോണിയക്കെതിരെ യുഎപിഎ പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലേക്ക് മടങ്ങണമെന്നും വിചാരണാ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നുമുള്ള ഇവരുള്‍പ്പെടെ നാല് ഇന്ത്യന്‍ വനിതകളുടെ അഭിമുഖം യുട്യൂബില്‍ എത്തിയതോടെയാണ് പിതാവ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
english summary; Aisha’s release: Supreme Court directs govt to take decision
you may also like this video;