‘യുദ്ധത്തിനെതിരെ, ലോകസമാധാനത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി എഐടിയുസി നേതൃത്വത്തിൽ തൊഴിലാളികൾ കോഴിക്കോട് നഗരത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ നിന്നാരംഭിച്ച റാലി പാളയത്ത് സമാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റാലി ഉദ്ഘാടനം ചെയ്തു. ഇസ്രായേൽ നടത്തുന്ന ആക്രമണം ട്രംപിന്റെ പിന്തുണയോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ നാണംകെട്ട നിഷ്പക്ഷതാണ് ഇന്ത്യ സ്വീകരിക്കുന്നത്. യുഎന്നിൽ പാലസ്തീന് അനുകൂലമായി വോട്ട് ചെയ്യാൻ തയ്യാറായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ദേശീയ സെക്രട്ടറി ആർ പ്രസാദ്, സംസ്ഥാന ഭാരവാഹികളായ സി പി മുരളി, പി സുബ്രമണ്യൻ, പി കെ മൂർത്തി, കെ വി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, കെ മല്ലിക, പി വി സത്യനേശൻ, കെ ജി ശിവാനന്ദൻ, അഡ്വ. ഗോവിന്ദൻ പള്ളി കാപ്പിൽ, അഡ്വ. ആർ സജിലാൽ, എലിസബത്ത് അസീസി, പി കെ നാസർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.

