Site iconSite icon Janayugom Online

കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണം; എഐടിയുസി ബഹുജന മാർച്ച് നടത്തി

കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറ്റെടുക്കൽ നടപടി ഉടന്‍ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടും കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും കോഴിക്കോട് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി. എഐടിയുസി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനു പേര്‍ അണിനിരന്നു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ല പ്രസിഡന്റും സമരസമിതി കണ്‍വീനറുമായ ഇ സി സതീശൻ അധ്യക്ഷത വഹിച്ചു.

15 വർഷത്തോളമായി തൊഴിലാളികൾ നടത്തുന്ന സമരം ഒറ്റപ്പെട്ടതല്ലെന്നും സമരം ഇനിയും അനിശ്ചിതമായി നീണ്ടിക്കൊണ്ടുപോകാതെ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കാൻ അടിയന്തരമായി കമ്പനി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും പി പി സുനീര്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടേയും എഐടിയുസിയുടേയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സി. അംഗങ്ങളായ സത്യൻമൊകേരി, ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, മഹിളാസംഘം ജില്ല സെക്രട്ടറി റീനമുണ്ടെങ്ങാട്ട്, കിസാൻ സഭ ജില്ല സെക്രട്ടറി കെ നാരായണക്കുപ്പ്, എഐവൈഎഫ് നേതാവ് സുജിത്, സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ്, അഡ്വ. സുനിൽ മോഹൻ, പി ഭാസ്ക്കരൻ, കെ ദാമോദരൻ, സി പി സദാനന്ദൻ, എ കെ ചന്ദ്രൻ മാസ്റ്റർ, പി സ്വർണ്ണലത, എ കെ സുജാത എന്നിവര്‍ സമരത്തെ അഭിവാദ്യംചെയ്ത് സംസാരിച്ചു. പി വി മാധവൻ സ്വാഗതവും പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Exit mobile version