Site iconSite icon Janayugom Online

മേനി സമരം

മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയ മേനി സമരം, കാലത്തിനും മായ്ക്കാനാവാത്ത ചുവരെഴുത്തായി ഇന്നും ജനമനസുകളിൽ നിറഞ്ഞുനിൽക്കുന്നു. മധ്യതിരുവിതാംകൂറിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റം രചിച്ച പ്രധാന സമരങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. തുടർവഴികളിൽ എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് ആശയും ആവേശവുമായി ഈ സമരം മാറി. ജന്മിത്വത്തിനും അവർക്കൊത്താശ നൽകിയ ഭരണ വർഗത്തിനും കനത്ത തിരിച്ചടി നൽകിയ ഈ സമരം ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന പ്രക്ഷോഭം എന്ന അപൂർവതയുമുണ്ട്.

1953 ൽ തിരുക്കൊച്ചി സംസ്ഥാനം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നകാലം. വള്ളികുന്നം പഞ്ചായത്തിൽ തോപ്പിൽഭാസിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി. ജന്മിത്വത്തിന്റെ ദുർവാസനകൾ ഏറെ പ്രകടമായ ഗ്രാമമായിരുന്നു വള്ളികുന്നം. ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും ഭീഷണിക്ക് മുന്നിൽ തൊഴിലാളികൾ ജീവിതം പോലും മടുത്തിരുന്നു. അത്തരത്തിൽ തൊഴിലാളികളെ ഏറെ പീഡിപ്പിച്ച ഒരു ജന്മിയായിരുന്നു ലക്ഷ്മിവിലാസത്ത് പരമേശ്വരൻപിള്ള. തൊഴിലാളികളെ പുഴുക്കളെക്കാളും വെറുപ്പോടെ കണ്ട പരമേശ്വരൻപിള്ളയ്ക്കെതിരെ ജനരോഷം ആർത്തിരമ്പി. പുലർച്ചെ പാടത്തിറങ്ങുന്ന തൊഴിലാളിക്ക് സൂര്യനസ്തമിക്കാതെ പണിനിർത്താൻ അവകാശമില്ല. പാടത്തെ പണി കഴിഞ്ഞാൽ ജന്മിയുടെ വീട്ടിലെ ജോലികളും പൂർത്തിയാക്കിയശേഷം മാത്രമേ അവർക്ക് മടങ്ങാനാകൂ. ഇങ്ങനെ രാപ്പകൽ ഭേദമില്ലാതെ ജോലി ചെയ്താൽ കൂലിയായി കിട്ടുന്നത് ഒന്നോ രണ്ടോ ഇടങ്ങഴി നെല്ലുമാത്രം. അത് വീട്ടിൽകൊണ്ടുപോയി വറുത്തുകുത്തി കഞ്ഞിയാക്കി ഒരു നുള്ള് കഴിക്കുമ്പോഴേയ്ക്കും നേരം പുലരും. പിന്നെ വീണ്ടും പാടത്തേക്ക്. പരമേശ്വരൻപിള്ളയുടെ പീഡനങ്ങൾക്ക് ഏറെ വിധേയനായ കർഷകത്തൊഴിലാളിയായിരുന്നു മേനിയും ഭാര്യ കറുത്തയും. ജന്മിമാർക്കെതിരെ അന്ന് ശക്തമായി പ്രതികരിച്ചിരുന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് മേനി പരസ്യമായി പ്രഖ്യാപിച്ചു. ഇത് ജന്മിമാരെയും ശിങ്കിടികളെയും ഞെട്ടിച്ചു. ആ തെരഞ്ഞെടുപ്പിൽ തോപ്പിൽഭാസി വിജയിച്ച് വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി. തോപ്പിൽഭാസിക്ക് വോട്ടുചെയ്തതിന്റെ പേരിൽ ജന്മിയായ ലക്ഷ്മിവിലാസത്ത് പരമേശ്വരൻപിള്ള കർഷക തൊഴിലാളിയായ മേനിയെയും ഭാര്യ കറുത്തയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

മേനിയെ പിരിച്ചുവിട്ടതിനെതിരെ കമ്മ്യൂണിസ്റ്റുകാർ സംഘടിച്ചു. ആദ്യദിനത്തിൽ മേനിക്കും ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഭീകരമർദ്ദനം നേരിടേണ്ടിവന്നു. ഇതിനെതിരെ സമരം ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ വള്ളികുന്നത്തുനിന്നും കായംകുളം പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് മാവേലിക്കര കോടതിയിലേക്കും കൊണ്ടുപോകും വഴി ഇടിവണ്ടിക്കുള്ളിലിട്ട് ക്രൂരമായി മർദ്ദിച്ചു. മേനിയെ പിരിച്ചുവിട്ടതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ തിരുവിതാംകൂറിനെ ഇളക്കി മറിച്ചു. പൊലീസും ഗുണ്ടകളും സമരക്കാരുടെ വീടുകളിൽ കയറി ഭീകര മർദ്ദനം അഴിച്ചുവിട്ടു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. കൃഷ്ണവിലാസം വീടിന് സമീപം സമരപ്പന്തൽ കെട്ടാൻ അനുമതി നൽകിയ പടീറ്റതിൽ ഗോവിന്ദനെ പൊലീസും സമരക്കാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മേനിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സമരകേന്ദ്രമായ വള്ളികുന്നത്തേക്ക് പ്രവഹിച്ചു. എം എൻ ഗോവിന്ദൻനായർ, ശങ്കരനാരായണൻ തമ്പി, വി എസ് അച്യുതാന്ദൻ, എൻ ശ്രീധരൻ തുടങ്ങിയവർ വള്ളികുന്നത്ത് ക്യാമ്പ് ചെയ്ത് സമരത്തിന് നേതൃത്വം നൽകി. 47 ദിവസം കഴിഞ്ഞിട്ടും മേനിയെ തിരിച്ചെടുക്കാൻ ജന്മി വഴങ്ങിയില്ല. ഇതിനെ തുടർന്ന് വള്ളികുന്നം സംസ്കൃത സ്കൂൾ പ്രധാനധ്യാപകൻ സാഹിത്യ ശിരോമണി കെ കേശവൻപോറ്റി സത്യാഗ്രഹം ആരംഭിച്ചു.

54-ാം ദിവസം നിക്കക്കള്ളിയില്ലാതെ സമരം ഒത്തുതീർപ്പാക്കാൻ ജന്മിമാർ തയാറായി. മേനിക്കും ഭാര്യക്കും പാടത്ത് ജോലിയും ലഭിച്ചു. മേനിയെ തിരിച്ചെടുത്തത് ജന്മിമാർക്കൊപ്പം കോൺഗ്രസുകാർക്കും വൻ തിരിച്ചടിയായി. തുടർന്ന് കോൺഗ്രസ് നേതാവ് കുമ്പളത്ത് ശങ്കരപിള്ള ഇടപെട്ട് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിനെ വള്ളികുന്നത്ത് കൊണ്ടുവന്ന് പ്രസംഗിപ്പിച്ചു. എങ്കിലും ജനങ്ങളുടെ മനസിൽ നിറഞ്ഞുനിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. മേനി സമരം പിന്നീട് തിരുവിതാംകൂറിൽ നടന്ന പല പ്രക്ഷോഭങ്ങൾക്കും ആവേശം പകർന്നതും ചരിത്രം.

eng­lish sam­mury: aituc nation­al con­fer­ence 2022 at alappuzha

Exit mobile version