Site iconSite icon Janayugom Online

അറബിക്കടലിന്റെ തീരത്ത് ചെങ്കടലായി ജനസഞ്ചയം

അറബിക്കടലിന്റെ തീരത്ത് ചെങ്കടലായി ജനസഞ്ചയം അലയടിച്ചുയർന്നപ്പോൾ ആവേശം ആകാശസീമകൾ കടന്നു. ഇന്നലെ രാവിലെ മുതൽ എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ആവേശത്തിലലിയാൻ വിപ്ലവ ഭൂമിയിലേക്ക് ജനം ഒഴുകി പരക്കുകയായിരുന്നു. ചെങ്കൊടിയേന്തിയ ജന സാഗരത്തിന്റെ കരുത്തും ശക്തിയും ആലപ്പുഴയുടെ വീഥികളെ പ്രകമ്പനം കൊള്ളിച്ചു. മാനവ മോചനത്തിന്റെ നിണം പടർന്ന ചെങ്കൊടിയെ ഹൃദയത്തിലേറ്റു വാങ്ങിയ തൊഴിലാളികളുടെ ഒത്തുചേരലിൽ നാട് പുളകിതമായി. കൊടുമുടി പൊക്കത്തിൽ ആവേശവും ആർപ്പു വിളിയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികൾ ചെങ്കൊടിയേന്തി ഒഴുകിയെത്തിയപ്പോൾ കിഴക്കിന്റെ വെനീസിന് നവ്യാനുഭവമായി. സംഘടിതമായ റാലി നിശ്ചയിക്കാതിരുന്നിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം എത്തിച്ചേർന്നു.

പ്രതിനിധി സമ്മേളന വേദിയായ ഗുരുദാസ് ദാസ് ഗുപ്ത നഗർ രാവിലെ മുതൽ ജന നിബിഡമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റാലികൾ ആരംഭിച്ചപ്പോൾ റോഡിന് ഇരുവശവും ജനം തിങ്ങി നിറഞ്ഞു. രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള തൊഴിലാളി വർഗ നേതാക്കൾ അവകാശങ്ങൾ സംരക്ഷിക്കാൻ പൊരുതുമെന്ന് പ്രഖ്യാപിച്ച് പിരിഞ്ഞപ്പോൾ രക്തസാക്ഷികളുടെ ത്യാഗസ്മരണയാൽ ചുവന്ന മണ്ണ് ആവേശത്താൽ തിളച്ച് മറിഞ്ഞു.

തൊഴിലാളി മഹാറാലി സംഗമിച്ചപ്പോൾ ചേർന്ന പൊതു സമ്മേളനം എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സാർവദേശീയ തൊഴിലാളി ഫെഡറേഷൻ(ഡബ്ല്യുഎഫ്‌ടിയു) ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസ്, ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി, ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ സ്വാഗതവും വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ഇപ്റ്റ അവതരിപ്പിച്ച കലാ പരിപാടിയും നടന്നു.

Exit mobile version