സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ കേരളത്തിനോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് എഐടിയുസി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥകൾ സംഘടിപ്പിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് നേതൃത്വം നൽകുന്ന വടക്കൻ മേഖല ജാഥ കാസർകോട് മുതൽ തൃശൂർ വരെയും, ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നേതൃത്വം നൽകുന്ന തെക്കൻ മേഖല ജാഥ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ പര്യടനം നടത്തും. ഡിസംബർ 10 മുതൽ 17 വരെയാണ് ജാഥകൾ. വടക്കൻമേഖല ജാഥയുടെ വൈസ് ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി കെ കെ അഷറഫും, ഡയറക്ടർ സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദനുമാണ്. തെക്കൻ മേഖലയുടെ വൈസ് ക്യാപ്റ്റൻ സി പി മുരളിയും ഡയറക്ടർ ആർ സജിലാലുമാണ്.
10ന് എറണാകുളത്ത് വെച്ച് തെക്കൻ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഈ ജാഥ 17ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
10ന് കാസർകോട് വച്ച് വടക്കൻ മേഖല ജാഥ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. 17ന് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും.