Site iconSite icon Janayugom Online

പഞ്ചാബിലെ സമര പോരാളിക്ക് ആലപ്പുഴ കണ്ണീരോടെ വിട നൽകി 

കർഷക സമരത്തിന്റെ മുന്നണി പോരാളിയും കർഷക തൊഴിലാളികളുടെ മുഖ്യ സംഘാടകനുമായിരുന്ന ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗിന് ആലപ്പുഴ കണ്ണീരോടെ വിട നൽകി . ആലപ്പുഴ ബീച്ചിൽ നടന്ന എഐടിയുസി ദേശിയ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ മുറിയിലേക്ക് മടങ്ങവേ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ റെയിൽവേ റെയിൽവേ ക്രോസിന് അടുത്ത് വെച്ച് ട്രെയിൻ തട്ടിയായിരുന്നു അപകടം .

ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു . ഇന്ന് രാവിലെ മൃതദേഹം വിമാന മാർഗം പഞ്ചാബിലെ വസതിയിലെത്തിക്കും . സന്തോഖ് സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാനായി നേതാക്കൾ ഉൾപ്പടെ ഒട്ടേറെ പേരാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നത് . എഐടിയുസി ദേശിയ സമ്മേളനത്തിന്റെ കമ്മീഷൻ ചർച്ചകളിലുൾപ്പടെ സജീവമായി പങ്കെടുത്ത സന്തോഖ് സിംഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .

സരസമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്ന ഇടപെടലും അദ്ദേഹത്തെ പ്രതിനിധികൾക്കിടയിൽ ഇഷ്ട്ട സഖാവാക്കി . ദേശിയ സമ്മേളനത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത് . എഐടിയുസി ദേശിയ വർക്കിംഗ് കമ്മറ്റി അംഗം അമർജിത്ത് സിംഗ് മൃതദേഹം ഏറ്റുവാങ്ങി . എഐടിയുസി ദേശിയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ , സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ബികെഎംയു സംസ്ഥന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , നേതാക്കളായ പി വി സത്യനേശൻ, വി മോഹൻദാസ്, ആർ പ്രസാദ്‌, ഡി പി മധു, ആർ അനിൽ കുമാർ, ആർ സുരേഷ്, ഇ കെ ജയൻ, വി സി മധു, പി കെ ബൈജൂ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി . സന്തോഖ് സിംഗിന്റെ നിര്യാണത്തിൽ ബി കെ എം യു സംസ്ഥന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ അനുശോചിച്ചു . കർഷക തൊഴിലാളികളുടെയും കർഷകരുടെയും അവകാശ സമര പോരാട്ടങ്ങളിൽ എന്നും മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ നിര്യാണം തൊഴിലാളി വർഗത്തിന് കനത്ത നഷ്ട്ടമാണെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു .

Exit mobile version