ഉജ്വലങ്ങളായ തൊഴിലാളി പോരാട്ടങ്ങൾക്കും അവകാശ സമരങ്ങൾക്കും സാക്ഷിയായ കൊച്ചി നഗരം എഐടിയുസി സംസ്ഥാന സമ്മേളനത്തിനായി ഒരുങ്ങുന്നു. ആർഭാടങ്ങളില്ലാതെ ചരിത്ര വിജയമാക്കുവാനുള്ള ഒരുക്കങ്ങളാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. എഐടിയുസി നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ ആകസ്മികമായ വേർപാട് സൃഷ്ടിച്ച വേദനകൾക്കിടയിലാണ് 18-ാമത് സംസ്ഥാനസമ്മേളനം നടക്കാൻ പോകുന്നത്.
ജനുവരി രണ്ടുമുതൽ അഞ്ചുവരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം. 1300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനം, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. 20ന് പതാക ദിനം ആചരിക്കും. സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവം. പ്രധാനപ്പെട്ട ഇടങ്ങളിൽ ചുവരെഴുത്തുകൾ പൂർത്തിയാവുന്നു. ബോർഡുകളും പോസ്റ്ററുകളും വരും ദിവസങ്ങളിൽ നിറയുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എൻ അരുൺ, കൺവീനർ ടി സി സൻജിത്ത് എന്നിവർ പറഞ്ഞു.
പി രാജു രക്ഷാധികാരിയും കെ എം ദിനകരൻ ചെയർമാനും കെ കെ അഷ്റഫ് ജനറൽ കൺവീനറും കെ എൻ ഗോപി ട്രഷററുമായ സ്വാഗതസംഘമാണ് സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
English summary: AITUC State Conference
You may also like this video