Site iconSite icon Janayugom Online

സന്നദ്ധ സേവനത്തിന് എഐടിയുസി തൊഴിലാളി സ്ക്വാഡ്

സന്നദ്ധ സേവന, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എഐടിയുസി നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ 3,000 പേർ ഉൾപ്പെടുന്ന തൊഴിലാളി സ്ക്വാഡുകൾ രൂപീകരിക്കുന്നു. പ്രകൃതിക്ഷോഭങ്ങളിലും മറ്റും സന്നദ്ധ പ്രവർത്തനം നടത്തുവാൻ പര്യാപ്തമായ നിലയിൽ വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സ്ക്വാഡുകൾക്ക് രൂപം നൽകുന്നത്. 

പ്രളയകാലത്തും കോവിഡ് കാലത്തും മത്സ്യത്തൊഴിലാളികളും ചുമട്ട്, മോട്ടോർ, നിർമ്മാണത്തൊഴിലാളികളായ എഐടിയുസി പ്രവർത്തകർ വോളണ്ടിയർമാരായി സന്നദ്ധ സേവനങ്ങൾ നടത്തിയിരുന്നു. വയനാട് ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിൽ ദുരന്തമുഖങ്ങളിൽ പ്രവർത്തിക്കുവാൻ ഏകീകൃതഘടനയോടെ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കുവാൻ എഐടിയുസി തീരുമാനിക്കുകയായിരുന്നു.
ഈ മാസം 21, 22 തീയതികളിൽ വയനാട്ടിലെ ദുരന്ത മേഖലകളിൽ ശുചീകരണമുൾപ്പെടെയുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ കെ സി ജയപാലൻ, എ ശോഭ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.

തൊഴിലാളി സ്ക്വാഡിന്റെ ലോഗോ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസിന് നൽകി ദേശീയ വർക്കിങ്ങ് പ്രസിഡന്റ് ബിനോയ് വിശ്വം പ്രകാശനം ചെയ്തു. അംഗങ്ങൾക്കുള്ള ടീഷർട്ടുകളുടെ വിതരണോദ്ഘാടനവും നടന്നു. ചുമട്ടുതൊഴിലാളിയായ എ വി അബ്ബാസിനും അങ്കണവാടി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കവിതാ സന്തോഷിനും ടീഷർട്ടുകൾ നൽകി.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ, കെ എസ് ഇന്ദുശേഖരൻ നായർ, താവം ബാലകൃഷ്ണൻ, എം ജി രാഹുൽ, ആർ സജിലാൽ, മീനാങ്കൽ കുമാർ, കെ സലീം കുമാർ, അഡ്വ. വി കെ സന്തോഷ് കുമാർ, കെ വേലു, ജി ബാബു, എം ജി മുരളീധരൻ എന്നിവർ പങ്കെടുത്തു.

Exit mobile version