Site iconSite icon Janayugom Online

ബിരിയാണി വില്പനയിലൂടെ വയനാടിനായി കൈകോര്‍ത്ത് എഐവൈഎഫ്

AIYFAIYF

വയനാടിനായി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന പത്ത് വീടുകൾക്കുള്ള ധനസമാഹരണത്തിനായി നാട്ടിക മണ്ഡലത്തില്‍ സംഘടിപ്പിച്ച മെഗാ ബിരിയാണി മേളയില്‍ 5,000 ബിരിയാണികള്‍ വിറ്റഴിച്ച് നാട് പിന്തുണയേകി. മണ്ഡലത്തിലെ 7 മേഖല കമ്മിറ്റികൾക്കും മുൻകൂർ കൂപ്പണുകൾ നൽകി ഓർഡർ സ്വീകരിച്ചാണ് മേള സംഘടിപ്പിച്ചത്. ആദ്യ വിൽപ്പന സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ എഐവൈഎഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാടിൽ നിന്ന് ബിരിയാണി സ്വീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീറില്‍ നിന്ന് ബിരിയാണി സ്വീകരിച്ച് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ക്യാമ്പയിന്റെ ഭാഗമായി. 

അയ്യായിരത്തോളം ബിരിയാണി തയ്യാറാക്കിയാണ് വിതരണം ചെയ്തത്. ക്യാമ്പയിനിൽ നിരവധി പൊതു ജനങ്ങളും, വിദ്യാലയങ്ങളും, ഓഫീസുകളും പങ്കാളികളായി. മേളയിൽ നിന്ന് ലഭിച്ച ലാഭവിഹിതം എഐവൈഎഫ് ജില്ലാ സെന്ററിന് അടുത്ത ദിവസം കൈമാറും. എഐവൈഎഫ് നാട്ടിക മണ്ഡലം പ്രസിഡന്റ് എം ജെ സജൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം സംഗീത മനോജ്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അമൃത സുദേവൻ, ജില്ലാ കമ്മിറ്റി അംഗം വി എസ് നിരഞ്ജൻ കൃഷ്ണ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ നിതിൻ ടി, ജിഹാസ് നാട്ടിക, മണ്ഡലം ജോ.സെക്രട്ടറിമാരായ സൂരജ് കാരായി, സ്വാഗത് കെ ബി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

ബിരിയാണി മേളയുടെ കിച്ചൺ ഒരുക്കാൻ അന്തിക്കാട്ടെ ചെത്തുതൊഴിലാളി സ്മാരകവും പരിസരവുമാണ് ഉപയോഗിച്ചത്. ആയിരത്തി എഴുന്നൂറ് സ്ക്വർ ഫീറ്റിൽ ചടയംമുറി സ്മാരക മന്ദിരത്തിനു മുൻപിൽ മണ്ഡലം തല സെർവർ പാചകപ്പുരയൊരുക്കി. തൃശൂർ മതിലകം സ്വദേശി റഷീദിന്റെ നേതൃത്വത്തിലായിരുന്നു പാചകം. കൂടെ മറ്റ് തൊഴിലാളികളും എഐവൈഎഫ്, മഹിളാസംഘം, സിപിഐ പ്രവർത്തകരും ഉണ്ടായിരുന്നു. 

Exit mobile version