Site iconSite icon Janayugom Online

പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത കേസ്: എഐവൈഎഫ് പ്രവര്‍ത്തകരെ വെറുതെവിട്ടു

പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത കേസില്‍ എഐവൈഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. പുനലൂര്‍ വിളക്കുടി ഇളമ്പല്‍ പാലോട്ടുമേലതില്‍ ഇമേഷ്, കുന്നിക്കോട് മണ്ണൂര്‍ കിഴക്കതില്‍ ഗിരീഷ്, ഇളമ്പല്‍ സതീഷ് ഭവനില്‍ സതീഷ്‌കുമാര്‍, ഇളമ്പല്‍ അരവിന്ദ ഭവനില്‍ അജികുമാര്‍, പുനലൂര്‍ ആരംപുന്ന ബിനു ഭവനില്‍ ബിനീഷ് എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റവിമുക്തരാക്കിയത്. പ്രവാസിയായിരുന്ന വാളക്കോട്ട് എന്‍എ മന്ദിറില്‍ സുഗതന്‍, എബനേസര്‍ ഓഡിറ്റോറിയത്തിന് സമീപത്തായി വാടകയ്ക്കെടുത്ത സ്ഥലത്ത് വര്‍ക്ക്ഷോപ്പ് പണിയുമ്പോള്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതിന്റെ മനോവിഷമത്തില്‍ ഷെഡിന് സമീപം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2018 ഫെബ്രുവരി 23നാണ് സംഭവം. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പുനലൂര്‍ പൊലീസ് കേസെടുത്തത്. സുഗതന്റെ ഭാര്യയെയും രണ്ട് ആണ്‍മക്കളെയും ചെറുമകനെയും ഉള്‍പ്പെടെ 16 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതില്‍ രണ്ട് സാക്ഷികളൊഴികെ മറ്റുള്ളവര്‍ പ്രോസിക്യൂഷന് അനുകൂലമായാണ് തെളിവ് നല്‍കിയത്. ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയ കടയ്ക്കല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടും പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു.

എഐവൈഎഫിന്റെ കൊടികള്‍ ഉള്‍പ്പെടെ ആറ് തൊണ്ടിമുതലുകളും 16 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കു വേണ്ടി അഭിഭാഷകരായ പി ബി ശിവന്‍, ചിന്റു ചന്ദ്രന്‍, പാര്‍വതി എസ് പിള്ള, ആര്യശ്രീ കലേഷ്, അരവിന്ദ് പിള്ള എന്നിവര്‍ ഹാജരായി.

Eng­lish Sum­ma­ry: aiyf lead­ers acquit­ted in the case of busi­ness­mans suicide
You may also like this video

Exit mobile version