Site iconSite icon Janayugom Online

എഐവൈഎഫ് ദേശീയ സമ്മേളനം സമാപിച്ചു; റോഷൻ കുമാർ സിന്‍ഹ പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേശരി സെക്രട്ടറി

നാലുദിവസമായി ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നടന്ന എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം സമാപിച്ചു. 24 സംസ്ഥാനങ്ങളിൽ നിന്നായി 670 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഉണ്ടായി. തെരഞ്ഞെടുപ്പ് പരിഷ്കരണം, ദുരഭിമാനക്കൊലയ്ക്കെതിരെ പ്രത്യേക നിയമനിർമ്മാണം, ഭീകരവാദത്തിനെതിരെ ലോക യുവതയുടെ ഐക്യം, ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികൾ എന്നീ വിഷയങ്ങളിൽ ഉൾപ്പെടെ നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണം ഉൾപ്പെടെ ഉയർത്തിക്കൊണ്ട് രാജ്യം മുഴുവൻ സന്ദർശിക്കുന്ന രണ്ട് ലോങ് മാർച്ചുകൾസംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. 

സംഘടനയുടെ ദേശീയ പ്രസിഡന്റായി റോഷൻ കുമാർ സിന്‍ഹ (ബിഹാര്‍), ജനറൽ സെക്രട്ടറിയായി സുഖ്ജിന്ദര്‍ മഹേശരി (പഞ്ചാബ്) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്റുമാരായി ഭാരതി, പ്രദീപ് ഷെട്ടി, ആര്‍ത്ഥി റഡേക്കര്‍, ഹിമാന്‍ഷു ഡറോക്കെ എന്നിവരെയും സെക്രട്ടറിമാരായി ടി ടി ജിസ്‍മോന്‍, ഡോ. സയ്യിദ് വലയുള്ള ഖാദിരി, ഹരീഷ് ബാല, പറച്ചുനി രാജേന്ദ്ര എന്നിവരെയും തെരഞ്ഞെടുത്തു. പത്തംഗ ദേശീയ സെക്രട്ടറിയേറ്റിനെയും 40 അംഗ വർക്കിങ് കമ്മിറ്റിയെയും 105 അംഗ ദേശീയ കൗൺസിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തിൽ നിന്ന് എന്‍ അരുണ്‍, കെ കെ സമദ്, എസ് വിനോദ്കുമാര്‍, വിനീത വിന്‍സന്റ് (വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍), കെ ഷാജഹാന്‍, പ്രസാദ് പാറേരി, ആദര്‍ശ് കൃഷ്ണ, സനൂപ് കുഞ്ഞുമോന്‍, ഷഫീര്‍ കിഴിശേരി (ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 

Exit mobile version