ആകാശപ്പറവകളുടെ കൂട്ടുകാരുടെ നേതൃത്വത്തിൽ തെരുവിൽ കിടന്ന മാനസിക രോഗിക്ക് പുതുജീവൻ. രാമപുരം ടൗണിൽ കടത്തിണ്ണയിൽ ക്ഷീണിതനായി കിടന്നിരുന്ന തമിഴ്‌നാട് സ്വദേശിയെയാണ് ആകാശപ്പറവകളുടെ കൂട്ടുകാരുടെ പ്രവർത്തകർ കുളിപ്പിച്ച്, അണിയുവാൻ പുതിയ വസ്ത്രങ്ങളും, കഴിക്കുവാൻ നല്ല ഭക്ഷണവും നൽകി, രാമപുരത്ത് പ്രവർത്തിക്കുന്ന കുഞ്ഞച്ചൻ മിഷണറി ഭവനിൽ എത്തിക്കുകയും ചെയ്തത്.
മുടി നീണ്ട് ജഢകെട്ടി പ്രാകൃത രൂപമായാണ് ആകാശ പറവകളുടെ പ്രവർത്തകർ തെരുവിൽ നിന്നും ഇയാളെ കണ്ടെടുക്കുന്നത്. തമിഴ്‌നാട് തിരിപ്പൂർ സ്വദേശിയാണെന്നും, പേര് രാമു എന്നുമാണ് പ്രവർത്തകരോട് ഇയാൾ പറഞ്ഞത്. ഭക്ഷണം കഴിച്ച് പുതുജീവൻ വച്ചപ്പോൾ കുടുംബാംഗങ്ങളുടെ പേരുകൾ പറയുകയും, ഭാര്യയുമായി വഴക്കിട്ട് നാട് വിട്ട് വന്നതാണെന്നും പറഞ്ഞു.
പൊതു സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ചികിത്സയും, ഭക്ഷണവും, വസ്ത്രവും നൽകി സുശ്രൂഷിക്കുന്ന സംഘടനയാണ് ആകാശപ്പറവകളുടെ കൂട്ടുകാർ. രാമപുരം കുഞ്ഞച്ചൻ മിഷണറി ഭവനിൽ സുഖം പ്രാപിച്ച് വരുന്ന ഇയാളെ സ്വന്തം വീട്ടിൽ എത്തിക്കുവാനാണ് പ്രവർത്തകരുടെ തീരുമാനം. സിബി സെബാസ്റ്റിൻ, ജോണി മുതുകുളം, തങ്കച്ചൻ എന്നിവരാണ് രാമുവിന് പുതുജീവൻ നൽകി കുഞ്ഞച്ചൻ മിഷണറി ഭവനിൽ എത്തിച്ചത്.
You may also like this video