എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ വി കുളത്തൂരിനെ (കണ്ണൻ-31)യാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്‌തത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് അഞ്ചാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ബോംബ് എറിഞ്ഞത്.
അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ സഞ്ചാരപാത അന്വേഷണ സംഘം തേടി സിസിടിവി ദൃശ്യങ്ങള്‍ വഴിയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്താനായത്. എകെജി സെന്ററിൽ നിന്ന് മടങ്ങിയ സ്കൂട്ടർ ഗൗരീശപട്ടത്ത് എത്തിയതോടെ അദൃശ്യമായി. ശേഷം ഒരു സിസിടിവിയിലും സ്കൂട്ടർ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കെഎസ്‌ഇബിയുടെ നീല ബോർഡ് പതിപ്പിച്ച കാർ ഈ ഭാഗത്ത് കൂടി കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കാതിരുന്നതും പിന്നിലെ ഡിക്കി തുറന്ന് കിടന്നതും സംശയം വർധിപ്പിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായ ജിതിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്നും കെഎസ്‌ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് വേണ്ടി കരാർ നൽകിയതാണെന്നും വ്യക്തമായി.
അക്രമസമയത്ത് ധരിച്ച ടീഷർട്ടുമായുള്ള ഇയാളുടെ ചിത്രം ഫേസ്‌ബുക്കിലും ലഭ്യമായതും നിർണായക തെളിവായി. ധരിച്ച ഷൂ വാങ്ങിയ കട കണ്ടെത്തിയതും പ്രതിയിലേക്കുള്ള വഴി എളുപ്പമാക്കി. ഫോണ്‍ രേഖകളുള്‍പ്പെടെ പരിശോധിച്ചതിനുശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
English Summary: akg centre attack case youth congress worker arrested
You may also like this video