Site iconSite icon Janayugom Online

അഖ്‌ലഖിന്റെ കൊലപാതകം : സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയില്ല: യുപി കോടതി വിചാരണ മാറ്റിവച്ചു

പശു ഇറച്ചി കൈവശം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലഖ്വിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ജൂലൈ നാല് വരെ വിചാരണ മാറ്റിവച്ചു. ഉത്തര്‍പ്രദേശ് പൊലീസ് സാക്ഷികള്‍ക്ക് മതിയായ സുരക്ഷ നല്‍കിയില്ലെന്ന കാരണത്താലാണ് വിചാരണ മാറ്റിവയ്ക്കുന്നതെന്ന് അതിവേഗ കോടതി അറിയിച്ചു.
2015 സെപ്റ്റംബര്‍ 28ന് ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ബിസാദ ഗ്രാമത്തിലാണ് ആള്‍ക്കൂട്ടം ചേര്‍ന്ന് അഖ്‌ലഖ്വിനെ തല്ലിക്കൊന്നത്. കൊലപാതകം ദേശവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
മതിയായ സുരക്ഷയില്ലാത്തതിനാല്‍ അഖ്‌ലഖ്വിന്റെ മകള്‍ ഷയിസ്തയ്ക്ക് തിങ്കളാഴ്ച അതിവേഗ കോടതിക്ക് മുന്നില്‍ സാക്ഷി മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് അഭിഭാഷകന്‍ യൂസുഫ് സയ്ഫി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ കര്‍ത്തവ്യനിര്‍വഹണത്തിലായിരുന്നു ജില്ലയിലെ പൊലീസുകാരെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 14 മുതലാണ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി അനില്‍ കുമാര്‍ സിങ്ങിന് മുമ്പാകെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണെയാണ് കേസ് മാറ്റിവയ്ക്കുന്നത്. 2016 ഏപ്രിലിലാണ് കേസ് അതിവേഗ കോടതിക്ക് കൈമാറിയത്. സംഭവത്തില്‍ പ്രതികളായ 19 പേരും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്.

Eng­lish sum­ma­ry; Akhlaq’s murder
You may also like this video;

Exit mobile version