Site iconSite icon Janayugom Online

മലയാളത്തിന്റെ അക്ഷര നക്ഷത്രം; എംടിയുടെ ഓർമ്മകൾക്ക് ഒരു വയസ്

മലയാളത്തിന്റെ അക്ഷര നക്ഷത്രം എം ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് ഒരു വയസ്. ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായി ജനമനസിൽ കുടിയേറിയ എം ടി എന്ന രണ്ടക്ഷരം ജനഹൃദയങ്ങളിൽ എന്നും ജീവിക്കും. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ഇതിഹാസമായിരുന്നു എം ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്നു എം ടി. 

കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ എന്നും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത. അങ്ങനെ എംടിക്ക് വിശേഷണങ്ങൾ ഏറെയാണ്. തുഞ്ചൻപറമ്പിൽ ഇന്ന് വൈകീട്ട് 3.30ന് അനുസ്മരണ സമ്മേളനം ചേരും. മാധ്യമപ്രവർത്തകൻ കെ സി നാരായണൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണനും എം എൻ കാരശ്ശേരിയും അനുസ്മരണ പ്രഭാഷണം നടത്തും. എം ടിയുടെ നാടായ കൂടല്ലൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് പങ്കെടുക്കും. 

Exit mobile version