Site iconSite icon Janayugom Online

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആഘോഷപ്പൂരമൊരുക്കി അറിവുത്സവം

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആഘോഷപ്പൂരമൊരുക്കി എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ആറാം സീസണ് ആവേശകരമായ സമാപനം. സംസ്ഥാനത്തൊട്ടുക്കുമുള്ള സ്കൂളുകളിൽ നിന്ന് ഉപജില്ലാ, ജില്ലാ മത്സരത്തിൽ മാറ്റുരച്ചെത്തിയ 140ൽപ്പരം മത്സരാർത്ഥികളാണ് ആയുർവേദ നഗരിയിലെ കലാശപ്പോരാട്ടത്തിൽ പങ്കെടുക്കാനെത്തിയത്. കോട്ടക്കൽ രാജാസ് ഹയർസെക്കന്‍ഡറി സ്കൂളിൽ നടന്ന സംസ്ഥാനതല മത്സരം സംഘടന മികവുകൊണ്ടും കൂടിച്ചേരലിന്റെ ഊഷ്മളത കൊണ്ടും വേറിട്ടതായി. കേവലം ക്വിസ് മത്സരം എന്നതിലുപരി അറിവിന്റെ പങ്കുവയ്ക്കലും നൂതനചിന്തകളും ഉൾക്കൊണ്ട അറിവുത്സവത്തെ വിദ്യാർത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി വിഭാഗം വിദ്യാർത്ഥികൾക്ക് തമ്മില്‍ പരിചയപ്പെടാനും സൗഹൃദം പങ്കുവയ്ക്കാനും അറിവുത്സവം വേദിയായി. പരിചയസമ്പന്നരായ ക്വിസ് മാസ്റ്റർമാരുടെ രസകരമായ അവതരണം ആസ്വദിച്ച കുട്ടികൾ ഇഞ്ചോടിഞ്ച് മത്സരിക്കുകയായിരുന്നു. അവസാനലാപ് വരെ ഒപ്പത്തിനൊപ്പം മുന്നേറിയതോടെ അവസാന ചോദ്യങ്ങളിലും ടൈബ്രേക്കറിലൂടെയുമൊക്കെയാണ് വിജയികളെ കണ്ടെത്താനായത്. എൽപി വിഭാഗം ഒന്നും രണ്ടും യുപി വിഭാഗം മൂന്നും സ്ഥാനങ്ങള്‍ കാസര്‍കോട് ജില്ലയിലെ കുട്ടികൾ നേടി.

ഹയർസെക്കന്‍ഡറിയിൽ ആതിഥേയരായ മലപ്പുറം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മികവ് പുലർത്തി. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി കെ കൃഷ്ണദാസ് അധ്യക്ഷനായി. സമ്മാനദാനം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ബിനോയ് വിശ്വം എംപി വിജയികളെ അനുമോദിച്ച് സംസാരിച്ചു. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് സമാപന പരിപാടിയില്‍ അധ്യക്ഷനായി. കേരള ഭവന ബോർഡ് ചെയർമാൻ പി പി സുനീർ മുഖ്യ പ്രഭാഷണം നടത്തി. എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു, ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: AKSTU-Janayugam Sahapadi
You may also like this video

Exit mobile version