Site iconSite icon Janayugom Online

എ കെ എസ് ടിയു സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട് തുടക്കമായി

ഓള്‍കേരള സ്‌കൂള്‍ടീച്ചേഴ്‌സ് യൂണിയന്‍ 28ാമത് സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട് പതാക ഉയര്‍ന്നു. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളന നഗരിയായ കാഞ്ഞങ്ങാട് പുതിയകോട്ട ഹെറിറ്റേജ്സ് സ്‌ക്വയറില്‍ പ്രത്യേകം സജ്ജമാക്കിയ ഇ കെ നായര്‍ നഗറില്‍ സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സംഘാടക സമിതി വൈസ് ചെയര്‍മാനുമായ സി പി ബാബു പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ റാലിയും പൊതുസമ്മേളനവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് ലോക പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് പി ആര്‍ നമ്പ്യാര്‍ പുരസ്‌കാരം പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനിച്ചു. എകെഎസ്‌ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ , സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍, എകെഎസ്‌ടിയു സംസ്ഥാന ട്രഷറര്‍ കെ സി സ്‌നേഹശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ പത്മനാഭന്‍ സ്വാഗതവും കാസര്‍കോട് ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത് നന്ദിയും പറഞ്ഞു. 

പൊതു സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ, കൊടിമര ജാഥ, ബാനര്‍ ജാഥ എന്നിവ നടന്നു.പതാക ജാഥ കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് കയ്യൂര്‍ രക്തസാക്ഷി കുടുംബാംഗം മുതിര്‍ന്ന സിപിഐ നേതാവുമായ പി എ നായര്‍ ജാഥാ ലീഡര്‍ ഷിജുകുമാറിന് കൈമാറി. ബാനര്‍ പെരുമ്പള ഇ കെ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍ ജാഥാ ലീഡര്‍ സംസ്ഥാന സെക്രട്ടറി ശശിധരന്‍ കല്ലേരിക്ക് കൈമാറി. കൊടിമരം മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ജാലാലീഡര്‍ എം സുനില്‍ കുമാറിന് കൈമാറി. മൂന്ന് ജാഥകളും നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഗമിച്ച് വിവിധ ജില്ലകളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ അണിനിരന്ന പ്രകടനത്തോടെ പൊതുസമ്മേളന നഗറില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊതു സമ്മേളന നഗരയില്‍ വെച്ച് പതാക സിപിഐ ജില്ലാ അസി.സെക്രട്ടറി വി രാജനും ബാനര്‍ കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവിയും കൊടിമരം സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം എം കുമാരനും ഏറ്റുവാങ്ങി. തുടര്‍ന്ന് പതാക ഉയര്‍ത്തലും പൊതുസമ്മേളനവും നടന്നു. 

ഇന്ന് രാവിലെ മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിലെ എടത്താട്ടില്‍ മാധവന്‍ മാസ്റ്റര്‍ നഗറില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമാവും. സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍, സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, കെജിഒഎഫ് ജനറല്‍ സെക്രട്ടറി ഡോ.ഹാരിസ്, എഐഎസ് ടിഎഫ് ജനറല്‍ സെക്രട്ടറി സദാനന്ദ ഗൗഡ് തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ ജില്ലകളില്‍ നിന്നായി 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് 3 ന് യാത്രയയപ്പ് സമ്മേളനം സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി പി സുനീര്‍ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി പി മുരളി സുവനീര്‍ കവര്‍ പ്രകാശനം ചെയ്യും. 15 ന് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍ കെ ജയപ്രകാശ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തില്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരണവും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്ം നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 14 ന് രാത്രി 8.30 ന് സര്‍ക്ഷവേദി കലാസന്ധ്യയും അരങ്ങേറും.

Exit mobile version