ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും തൃശൂരിലും സംഭവിച്ച തോൽവിക്ക് പ്രത്യേക അർത്ഥമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെറുപ്പിന്റെ രാഷ്ട്രീയം കളിച്ചാണ് ബിജെപി അവരുടെ വോട്ട് ബാങ്ക് വർധിപ്പിച്ചത്. തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന ആ വാള്‍ ജനങ്ങളുടെ നെറുകയില്‍ വീഴാതെ നോക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ നേടുന്ന വിജയം പിന്നാക്ക വിഭാഗത്തിന് ഭീഷണിയാണെന്ന വസ്തുത ചിലർ തിരിച്ചറിയുന്നില്ല. ചാതുർവർണ്യ വ്യവസ്ഥയുടെ തിരിച്ചുവരവ് വലിയ ആപത്താണെന്ന് അവർ മനസിലാക്കണം. ഇടതുപക്ഷത്തിന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തി മുന്നോട്ട് പോകും. തോൽവിയിൽ തളരില്ല. പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനും പൊതുവിപണിയിലെ വിലക്കയറ്റം തടയുന്ന സപ്ലൈകോയിലെ പ്രതിസന്ധിയും ജനങ്ങൾ പ്രതികരിച്ച വിഷയങ്ങളാണ്.
പൊതുമേഖലയെ തകർക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനില്പ് അനിവാര്യമായ കാലഘട്ടത്തിലാണ് നാം ഇന്നുള്ളത്. വൈദ്യുതി ബോർഡുകളെ വിഭജിക്കാനുള്ള നീക്കം രാജ്യത്ത് നടന്നുവരികയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി വൈദ്യുതി മേഖല തകർന്നുകൊണ്ടിരിക്കുന്നു. സ്മാർട്ട് മീറ്റർ അടക്കമുള്ളവ അടിച്ചേല്പിച്ച് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ്. ശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ ഇതിൽനിന്നും മോചനം ലഭിക്കൂ. വർക്കേഴ്‌സ് ഫെഡറേഷൻ പോലുള്ള പ്രസ്ഥാനങ്ങൾ ഈ ഉദ്യമം നടത്തിവരികയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിളംബര ജാഥയോടെയാണ് സമ്മേളനം ആരംഭിച്ചത്. സ്വാഗതസംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി വി സത്യനേശൻ, ടി ടി ജിസ്‌മോൻ, വി മോഹൻദാസ്, എ ശോഭ, ഡി പി മധു, എ എം ഷിറാസ്, ജി ഗിരികുമാർ, കെ സി മണി, എൻ എസ് ശിവപ്രസാദ്, കവിതാ രാജൻ, എം ജി രാഹുൽ, കുര്യാക്കോസ് ജേക്കബ് ലാസർ എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി എം പി ഗോപകുമാർ സ്വാഗതം പറഞ്ഞു.
കാനം രാജേന്ദ്രൻ നഗറിൽ (റയ്ബാൻ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ഇന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ ആർ മോഹൻദാസ് അധ്യക്ഷനാകും. മൂന്ന് മണിക്ക് സെമിനാറിൽ മന്ത്രി കെ രാജൻ മോഡറേറ്ററായിരിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ആറ് മണിക്ക് സാംസ്കാരിക സന്ധ്യ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. നാളെ സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
English Summary: Alappuzha and Thrissur failures have a special meaning: Binoy Vishwam
You may also like this video