ചൂട് ഉയർന്ന ഡിഗ്രിയിലേക്ക് കടന്നതോടെ ജില്ല പകര്‍ച്ച പനിയുടെ പിടിയിൽ. കടുത്ത പകൽ ചൂടും രാത്രിയിലെ മഞ്ഞും വൈറൽ പനി വ്യാപകമാകാൻ ഇടയാക്കുകയാണ്. പല ഭാഗങ്ങളിലും കുട്ടികളിലും മുതിർന്നവരിലും പനിബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒരുപോലെ പനിബാധിതരുടെ തിരക്കേറി. മുണ്ടിനീരും ചിക്കൻപോക്സും പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. പനിബാധിതർക്ക് ആന്റിബയോട്ടിക് മരുന്നുകൾ ഒരു കോഴ്സ് പൂർത്തിയാക്കിയാലും കുറയാത്ത സാഹചര്യമുണ്ടെന്ന് രോഗം പിടിപെട്ടവർ പറയുന്നു. പലരും ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. പനിക്കൊപ്പം ചുമയും വിറയലുമൊക്കെ രോഗബാധിതരിൽ കാണപ്പെടുന്നുണ്ട്.
അന്തരീക്ഷത്തിൽ ചൂട് കൂടുതലായതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോൾ ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ ഉണ്ടാകുന്നു. ചൂട് മൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്ക് പോലും അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഇത്തരം അവസ്ഥകൾ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുളള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറമാകുകയും ചെയ്യൽ, ബോധക്ഷയം എന്നിവ ശ്രദ്ധിക്കണം. സൂര്യാതപമേറ്റതായി തിരിച്ചറിഞ്ഞാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണം. പൊള്ളിയ ഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം.
English Summary: Alappuzha district is in the grip of infectious fever
You may also like this video