ആലപ്പുഴ — എറണാകുളം പാസഞ്ചർ ട്രെയിനിലെ യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. ദിവസം ചെല്ലുന്തോറും പരാതികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് പരിഹാരമൊന്നുമുണ്ടാകുന്നില്ല. പാസഞ്ചർ യാത്രയ്ക്കായി മെമു അവതരിപ്പിച്ചതു മുതൽ കോച്ചുകൾ കൂട്ടണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ 17 കോച്ചുകളുണ്ടായിരുന്ന സ്ഥാനത്താണ് 8 കോച്ചുകൾ മാത്രമുള്ള മെമു കൊണ്ടുവന്നത്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ ഇത് 12 ആക്കിയെങ്കിലും തിരക്കിന് പരിഹാരമായിരുന്നില്ല. അതിനിടയിലാണ് ഇപ്പോൾ തുറവൂർ മുതൽ അരൂർ വരെയുള്ള ഉയരപ്പാതയുടെ നിർമാണം ആരംഭിച്ചത്. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കൂടുതൽ ആളുകൾ ബസും ബൈക്കുമൊക്കെ ഉപേക്ഷിച്ച് ട്രെയിനിനെ ആശ്രയിക്കാൻ തുടങ്ങിയത് തിരക്ക് അസഹനീയമാക്കി. രാവിലെ ആലപ്പുഴയിൽ നിന്നെടുക്കുന്ന ട്രെയിൻ തൊട്ടടുത്ത സ്റ്റേഷനായ തുമ്പോളിയിലെത്തുമ്പോൾ തന്നെ സീറ്റിങ് കപ്പാസിറ്റിയിലധികം യാത്രക്കാരുണ്ടാകും. ചേർത്തല എത്തുമ്പോൾ നിൽക്കാൻ പോലുമിടമില്ലാത്ത അവസ്ഥയാണ്. പിന്നെയും അഞ്ച് സ്റ്റേഷനുകളിൽ നിന്നു കൂടി ആളുകൾ കയറാനുണ്ട്. തിക്കിയും തിരക്കിയും അനങ്ങാൻ പോലുമാകാതെ ഒറ്റക്കാലിൽ നിന്നാണ് ബാക്കിയുള്ള സ്റ്റേഷനുകൾ പിന്നിടുന്നത്. ഇതിനിടയിൽ പലരും തലകറങ്ങിയും മറ്റും വീഴുന്നുണ്ടെങ്കിലും സീറ്റിലേക്കുപോലും ഇരുത്താനാകുന്നില്ല.
രാവിലെ ഇത്രയും യാത്രക്കാരുമായെത്തുന്ന ട്രെയിൻ തുറവൂർ സ്റ്റേഷനിൽ അരമണിക്കൂറിനടുത്ത് പിടിച്ചിടുകയും ചെയ്യും. എറണാകുളത്തു നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ക്രോസിങ്ങിന് വേണ്ടിയാണിത്. എന്നാൽ പലപ്പോഴും വളരെ വൈകിയാണ് ഈ ട്രെയിൻ തുറവൂർ സ്റ്റേഷനിലെത്തുന്നത്. 8.10ന് തുറവൂരെത്തിയാലും ട്രെയിൻ ഇവിടെ നിന്നെടുക്കുമ്പോൾ 8.35 വരെ ആകാറുണ്ട്. വന്ദേ ഭാരതിനുവേണ്ടി എറണാകുളത്തു നിന്നെടുക്കുന്ന പാസഞ്ചറിന്റെ സമയം 7.25ൽ നിന്ന് 7.50ലേക്ക് മാറ്റിയതോടെയാണ് ഇവിടെ കൂടുതൽ സമയം കാത്തുകിടക്കേണ്ടി വരുന്നത്. വൈകിട്ട് 6.25ന് തിരിച്ച് കായംകുളത്തേക്ക് പോകുന്ന ട്രെയിനിലും സ്ഥിതി വ്യത്യസ്തമല്ല.
ആറുമണിക്ക് മുൻപ് സ്റ്റേഷനിലെത്തിയില്ലെങ്കിൽ ട്രെയിനിന് അകത്തേക്ക് കയറാനാകാത്ത വിധം തിരക്കാകും. വന്ദേഭാരതിന്റെ വരവോടെയാണ് ഇതിന്റെ സമയക്രമം 6.25 ആക്കിയത്. അതിനു മുമ്പ് ആറ് മണിക്ക് എടുത്തിരുന്നതാണ്. 25 മിനിറ്റ് വൈകി എടുക്കുന്ന ട്രെയിൻ തൊട്ടടുത്ത സ്റ്റേഷനിൽ വന്ദേഭാരതിന്റെ ക്രോസിംഗിനായി പിടിച്ചിടുകയും ചെയ്യും. ഏഴ് മണിക്ക് ശേഷമാണ് പിന്നെ കുമ്പളത്തുനിന്ന് യാത്ര തുടരുന്നത്. തുറവൂർ എത്തുമ്പോൾ ആലപ്പുഴയിൽ നിന്ന് വരുന്ന പാസഞ്ചർ കടന്നുപോകാനായി വീണ്ടും 10–15 മിനിറ്റ് പിടിച്ചിടും. തീർത്തും അശാസ്ത്രീയമായാണ് റെയിൽവേ സമയക്രമം നിശ്ചയിക്കുന്നെന്നും ആക്ഷേപമുണ്ട്. പലപ്പോഴും സ്ത്രീകളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ വളരെ വൈകിയാണ് വീടുകളിലെത്തുന്നത്. ട്രെയിൻ എത്താൻ താമസിക്കുന്നതോടെ പലപ്പോഴും ഇടറോഡുകളിലും മറ്റും താമസിക്കുന്നവർക്ക് ബസ് കിട്ടാതെയും വരുന്നുണ്ട്. ചെറിയ വരുമാനക്കാരായവരാണ് ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നത്. വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓട്ടോയ്ക്ക് ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് മാരാരിക്കുളം സ്റ്റേഷനിൽ ഇറങ്ങുന്ന ഒരു യാത്രക്കാരി പറഞ്ഞു. വീട്ടു ജോലികളും കുട്ടികളുടെ കാര്യവും പോലും കൃത്യമായി ചെയ്യാനാകുന്നില്ലെന്ന് പലരും പരിഭവിക്കുന്നു.
English Summary: Alappuzha — Ernakulam passenger train journey is causing
You may also like this video