ആലപ്പുഴ നഗരസഭയുടെ കാര്‍ഷിക പദ്ധതിയായ പൊന്നോണത്തോട്ടം കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഐഎഎസ് നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ കെകെ ജയമ്മ അധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഫീസിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി, ചീര, ബന്ദി പൂവ് കൃഷിയാണ് വിളവെടുപ്പിന് പാകമായത്. നഗരമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് മള്‍ച്ചിംഗും, ട്രിപ് ഇറിഗേഷനുമായി തികച്ചും പ്രൊഫഷണലായാണ് കൃഷി എന്നതാണ് പ്രത്യേകത. ഓണപൂക്കളത്തിനായി മറുനാടിനെ ആശ്രയിക്കുന്ന പതിവ് ശൈലിയില്‍ നിന്നും മാറ്റം വരേണ്ടതിനായുള്ള പരിശ്രമങ്ങളുടെ മാതൃക ഒരുക്കുകയാണ് നഗരസഭ. കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകരുന്നതിന് കൂടി ലക്ഷ്യമിട്ട് ബന്ദി പൂ കൃഷി സെല്‍ഫി പോയിന്‍റ് ആയി മാറുകയാണ്. മുന്‍ ഹരിതമിത്രം അവാര്‍ഡ് ജേതാവ് കഞ്ഞിക്കുഴി ശുഭകേശനാണ് കൃഷി രീതികളുടെ മേല്‍നോട്ടം വഹിച്ചത്.
ഇതോടൊപ്പം കൃഷിഭവന്‍ മുഖാന്തിരം 52 വാര്‍ഡുകളിലും ഗ്രൂപ്പ് കൃഷിക്കും പറ്റാവുന്ന ഭവനങ്ങളിലെല്ലാം അടുക്കളത്തോട്ടം, ടെറസ്സ് കൃഷി എന്നിവയ്ക്കും ആവശ്യമായ പച്ചക്കറി, ബന്ദി തൈകളും വിത്തുകളും വിതരണം നടത്തിയിരുന്നു. മാരകരോഗങ്ങള്‍ വരുത്തുന്ന വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ ഒഴിവാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ കൂടി നഗരസഭ ഇതിലൂടെ ലക്ഷ്യം വക്കുന്നു. പൊന്നോണത്തോട്ടം ഉദ്ഘാടന ചടങ്ങില്‍ ആലപ്പുഴ നഗരസഭ വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ എംജി സതീദേവി, എഎസ് കവിത, എംആര്‍ പ്രേം, കൗണ്‍സിലര്‍മാര്‍, കര്‍ഷകന്‍ ശുഭകേശന്‍, ഹെല്‍ത്ത് ഓഫീസര്‍ കെപി വര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍ സീതാരാമന്‍, നഗരസഭ ജീവനക്കാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.