Site iconSite icon Janayugom Online

അലാം ചതിച്ചു ; എടിഎം മോഷണശ്രമം പാളിയതിന് പിന്നാലെ ജ്വല്ലറിയിൽ മോഷണം, പ്രതി പിടിയില്‍

തൃശൂര്‍ കുരിയച്ചിറയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഇന്നലെ രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമമുണ്ടായത്. സംഭവത്തിൽ തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്റോയാണ് (28) പിടിയിലായത്. ശനിയാഴ്ച രാത്രി തൃശൂര്‍ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമം നടന്നിരുന്നു. ഇതും ജിന്റോയാണെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ രാത്രിയാണ് ജിന്റോ ജ്വല്ലറിയിൽ മോഷണത്തിനായി കയറിയത്. എന്നാല്‍ മോഷ്ടാവ് ജ്വല്ലറിയിൽ കയറിയതോടെ സുരക്ഷാ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്റോ കുടുങ്ങി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം നടന്നത്. മോഷണശ്രമത്തിനിടെ ഇവിടെയും അലാം മുഴങ്ങിയതിനാല്‍ മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ജ്വല്ലറി മോഷണശ്രമത്തിനിടെ പ്രതി പിടിയിലാകുന്നത്. തൃശൂര്‍ കോര്‍പ്പറേഷൻ വൈദ്യുതി വിഭാഗത്തിന്റെ ഡ്രില്ലറുമായിട്ടാണ് ജിന്റോ ജ്വല്ലറിയിൽ മോഷണത്തിനെത്തിയത്. സ്വര്‍ണം പണയം വെച്ചതുമായി ബന്ധപ്പെട്ട കടബാധ്യതകളാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി.

Exit mobile version