രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷമായി മദ്യ ഉപഭോഗം കുറഞ്ഞതായി ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2019 മുതൽ 2021 വരെ രണ്ട് ഘട്ടങ്ങളിലായാണ് സര്‍വേ നടത്തിയത്. രാജ്യത്ത് 15 വയസിന് മുകളിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മദ്യ ഉപഭോഗ നിരക്ക് 18.8 ശതമാനമാണ്. 2015–16ലെ സർവേയിൽ ഇത് 29.2 ശതമാനം ആയിരുന്നു.
മദ്യ നിരോധനം നിലനിൽക്കുന്ന മിസോറാം, നാഗാലാൻഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യ ഉപഭോഗം കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്. നിരോധനം നടപ്പാക്കിയ മറ്റൊരു സംസ്ഥാനമായ ഗുജറാത്തിലാണ് ഏറ്റവും കുറഞ്ഞ മദ്യ ഉപഭോഗ നിരക്ക്. മദ്യ ഉപഭോഗത്തില്‍ അരുണാചൽ പ്രദേശ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 52.7 ശതമാനമാണ് മദ്യ ഉപഭോഗം. അഞ്ച് വർഷം മുമ്പ് ഇത് 59 ശതമാനം ആയിരുന്നു. 43.3 ശതമാനം ഉപഭോഗ നിരക്കുമായി തെലങ്കാന തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.
പിന്നാലെ സിക്കിം (39.8 ശതമാനം), മണിപ്പുർ (37.5 ശതമാനം), ഗോവ (36.9 ശതമാനം) എന്നീ സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. മണിപ്പുരിലും അരുണാചൽ പ്രദേശിലുമാണ് സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ മദ്യ ഉപഭോഗമുള്ളത്. പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് ആദ്യ പത്തിൽ ഇടം നേടിയ ഏക സംസ്ഥാനം ഗോവയാണ്. കഴിഞ്ഞ സർവേയിൽ 46.7 ശതമാനം മദ്യ ഉപഭോഗവുമായി ഒമ്പതാം സ്ഥാനത്തായിരുന്ന തമിഴ്‌നാട് ഇപ്പോൾ 25.4 ശതമാനത്തോടെ 13-ാം സ്ഥാനത്താണ്.
കേരളത്തിലും കുറഞ്ഞു
കേരളത്തിലും ഉപഭോഗ നിരക്ക് 37 ശതമാനത്തിൽ നിന്ന് 19.9 ശതമാനമായി കുറഞ്ഞു. 15 വയസിന് മുകളിലുള്ള 19.9 ശതമാനം പുരുഷന്മാരും 0.2 ശതമാനം സ്ത്രീകളും മാത്രമാണ് സംസ്ഥാനത്ത് മദ്യപിക്കുന്നത്. 2015–16 കാലയളവിൽ നടത്തിയ സർവേയിൽ 15നും 49നും ഇടയിൽ പ്രായമുള്ള 37 ശതമാനം പുരുഷന്മാരും 1.6 ശതമാനം സ്ത്രീകളും മദ്യ ഉപഭോക്താക്കളാണെന്ന് കണ്ടെത്തിയിരുന്നു, രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്യുമ്പോൾ മദ്യപരുടെ എണ്ണത്തിൽ 46 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.
English Summary:Alcohol consumption is declining in the country
You may also like this video