Site iconSite icon Janayugom Online

ജീവനാംശം കൂട്ടണം: മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ; പ്രതിമാസം 10 ലക്ഷം രൂപ ആവശ്യപ്പെട്ട് നോട്ടീസ്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ ജീവനാംശം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഷമിക്ക് നോട്ടീസ് അയച്ചു. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പ്രതിമാസം 10 ലക്ഷമായി ഉയർത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിൽ മകൾക്ക് 3 ലക്ഷം രൂപയും തനിക്ക് പ്രതിമാസം 7 ലക്ഷം രൂപയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കൊൽക്കത്ത ഹൈക്കോടതി ഉത്തരവനുസരിച്ച്, മകൾക്ക് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയുമാണ് ജീവനാംശം നൽകുന്നത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും (വാർഷിക വരുമാനം ഏകദേശം 48 കോടി) ആഡംബര ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ നിലവിലെ തുക തീർത്തും അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാൻ്റെ വാദം.

ജഡ്ജിമാരായ മനോജ് മിശ്ര, ഉജ്ജയ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ച്, ഹർജിയിൽ ഷമിക്കും പശ്ചിമബംഗാൾ സർക്കാരിനും നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. 2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ഹസിൻ ജഹാൻ രംഗത്തെത്തിയത്. വിവിധ കോടതി വിധികൾക്ക് ശേഷമാണ് 2025 ജൂലൈ 1ന് കൊൽക്കത്ത ഹൈക്കോടതി ജീവനാംശത്തുക 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചത്. ഇത് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version