വയനാട് ജില്ലയിലെ വിവിധ ഭാഗത്തും വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ സിപിഐയുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർ വാരിക്കുഴി കുഴിച്ച് സമരം തുടിങ്ങി. മുൻ കാലങ്ങളിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് ഉപയോഗിച്ച നാടൻ രീതിയായ വാരിക്കുഴി കുഴിച്ചാണ് സമരം ആരംഭിച്ചത്. വാകേരിയിലെ കർഷകൻ’ ചെറുക്കാവിൽ ഷാജിയുടെ തോട്ടത്തിലാണ് കുഴി കുഴിച്ചത്. കുഴിയിൽ വിഴുന്ന കാട്ടുപന്നിയുൾപ്പെടെയുള്ളവയെ വനപാലകർ വെടിവെച്ച് കൊല്ലുകയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നടപടി കൈവരിക്കുകയോ ചെയ്യണം.
വനത്തിനുള്ളിൽ എണ്ണത്തിൽ വർദ്ധനവുള്ള മൃഗങ്ങളുടെ എണ്ണം കുറക്കാൻ നടപടി സ്വീകരിക്കുക, നാട്ടിലിറങ്ങുന്ന മുഴുവൻ മൃഗങ്ങളെയും പിടികൂടുക, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന കർഷകർക്കും നാശം സംഭവിച്ചു കാർഷിക വിളകൾക്കുമുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക, മുഴുവൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്ത് തീർക്കുക, വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചോ- ആക്രമണ ഭീഷണി മൂലം വിറ്റൊഴിവാക്കേണ്ടി വരികയോ ചെയ്യുന്നവർക്ക് മറ്റ് ജീവനോപാധികൾ അനുവദിക്കുക, കർഷകർക്കെതിരെ വനം വകുപ്പ് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക, വനം ‑വന്യജീവി സംരക്ഷണ നിയമം കർഷകന് അനുകൂലമായി ഭേദഗതി ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വരും ദിവസങ്ങളിൽ കൂടുതൽ വാരിക്കുഴികൾ നിർമ്മിച്ച് സമരം തുടരും.
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ പ്രസിഡൻ്റ് പി.എം ജോയി അധ്യക്ഷത വഹിച്ചു സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ വി കെ ശശിധരൻ, സി എം സുധിഷ്, ടി ജെ ചക്കോച്ചൻ, ഡോ. അമ്പി ചിറയിൽ, അഷറഫ് തയ്യിൽ,ടി സി ഗോപലൻ, സി.എം ഷാജി, എം.എം ജോർജ് എന്നിവർ പ്രസംഗിച്ചു.
English Summary: All India Kisan Sabha starts strike by digging ditches
You may also like this video also